കൊവിഡ് വ്യാപനം തടയാന്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വേണം; മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് രാഹുല്‍ ഗാന്ധി
കൊവിഡ് 19 രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് 2020ലെ നിലപാടില്‍ നിന്ന് രാഹുലിന്‍റെ മലക്കം മറിച്ചില്‍. സമ്പൂര്‍ണ ലോക്ഡൗണിലൂടെ മാത്രമാണ് കൊവിഡ് 19 വ്യാപനം തടയാനാവൂവെന്ന് രാഹുല്‍ ഗാന്ധി
രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായി രാഹുല്‍ ഗാന്ധി. കൊവിഡ് 19 രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് 2020ലെ നിലപാടില്‍ നിന്ന് രാഹുലിന്‍റെ മലക്കം മറിച്ചില്‍. സമ്പൂര്‍ണ ലോക്ഡൗണിലൂടെ മാത്രമാണ് കൊവിഡ് 19 വ്യാപനം തടയാനാവൂവെന്നാണ് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച അഭിപ്രായപ്പെട്ടത്.
കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനത്തോടെയാണ് തീരുമാനം. അരികുവല്‍ക്കരിക്കപ്പെട്ടവരെ ന്യായ് പദ്ധതിയിലൂടെ സംരക്ഷിച്ചുകൊണ്ട് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ കൃത്യമായ സമയത്ത് തീരുമാനം എടുക്കാത്തത് മൂലമാണ് നിരവധി സാധാരണക്കാരുടെ ജീവന്‍ നഷ്ടമായതെന്നും രാഹുല്‍ ആരോപിക്കുന്നു. ഇന്ത്യാ സര്‍ക്കാരിന് ഇനിയും വ്യക്തതയില്ല. കൊറോണയുടെ വ്യാപനം തടയാന്‍ സമ്പൂര്‍ണ ലോക്ഡൗണാണ്. അരികുവല്‍ക്കപ്പെട്ടവര്‍ക്ക് ന്യായ് പദ്ധതിയിലൂടെ സംരക്ഷണമൊരുക്കണമെന്നും. കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയില്ലാത്തതാണ് നിരവധി സാധാരണക്കാരുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമെന്നും രാഹുല്‍ പറയുന്നു. ഏതാനും ആഴ്ചകളായി കൊവിഡ് വിഷയത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷമായാണ് രാഹുലിന്‍റെ പ്രതികരണം.
കേന്ദ്രസര്‍ക്കാര്‍ നയം സ്തംഭിച്ച അവസ്ഥയിലാണുള്ളത്. കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച ശരിയായ കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നതായും രാഹുല്‍ ആരോപിച്ചു. മോദി സര്‍ക്കാര്‍ കൊറോണ വൈറസിന്‍റെ വ്യാപനം സംബന്ധിച്ച യഥാര്‍ത്ഥ വിവരം പുറത്തെത്താതെ നിയന്ത്രിക്കുകയാണെന്നും രാഹുല്‍ വിമര്‍ശിക്കുന്നു. കര്‍ണാടകയിലെ ചാമരാജ്നഗറില്‍ 24 രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചതിനെതിരെയും രാഹുല്‍ ആഞ്ഞടിച്ചു. മരിച്ചതോ കൊന്നതോയെന്നാണ് ഈ മരണങ്ങളേക്കുറിച്ച് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്.
എന്നാല്‍ ഒരു വര്‍ഷം മുന്‍പ് ലോക്ഡൗണ്‍ നടപ്പാക്കിയതിനെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം തുടങ്ങിയതോടെയാണ് മോദി സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത്തരത്തില്‍ ലോക്ഡൗണ്‍ വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും ലോകമഹായുദ്ധ കാലത്ത് പോലും ലോക്ഡൗണ്‍ ആയിട്ടില്ലെന്നും ആ സമയത്ത് പോലും തുറന്ന അവസ്ഥയായിരുന്നുവെന്നുമാണ് കഴിഞ്ഞ വര്‍ഷം രാഹുല്‍ പ്രതികരിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona