വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; തമിഴ്നാട്ടില്‍ രണ്ടാഴ്ച്ചയ്ക്കിടെ ജീവനൊടുക്കിയത് അഞ്ച് വിദ്യാര്‍ത്ഥികള്‍
ശിവഗംഗ കാരക്കുടി ചക്കോട്ടയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. വീടിനുളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മൂന്നാമത്തെ സംഭവമാണിത്.
ചെന്നൈ: തമിഴ്നാട്ടില്‍ രണ്ടാഴ്ചക്കിടെ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണം അഞ്ച് ആയി. ശിവഗംഗ കാരക്കുടി ചക്കോട്ടയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. വീടിനുളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മൂന്നാമത്തെ സംഭവമാണിത്.
ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥി ഇന്നലെ തൂങ്ങിമരിച്ചിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം. പടക്ക നിർമാണശാലയിൽ ജോലിചെയ്യുന്ന കണ്ണൻ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളിൽ മരിച്ചത്. രണ്ടാഴ്ചക്കിടെ ഉണ്ടാകുന്ന നാലാമത്തെ വിദ്യാര്‍ത്ഥി ആത്മഹത്യയാണിത്. കള്ളക്കുറിച്ചിക്കും തിരുവള്ളൂരിനും കടലൂരിനും ശേഷമാണ് അയ്യംപെട്ടിയില്‍ നിന്നുള്ള ഈ സങ്കടവാർത്ത പുറത്തുവന്നത്.
കടലൂർ ജില്ലയിലെ വിരുദ്ധാചലം സ്വദേശിയായ പെൺകുട്ടിയാണ് ഇന്നലെ മരിച്ചത്. ആ കുട്ടിയെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു പെൺകുട്ടി. പഠിക്കാനുള്ള സമ്മർദ്ദത്തെ തുടർന്നാണ് ജീവനൊടുക്കുന്നത് എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തു. അമ്മ ശകാരിച്ചതിനെ തുടർന്ന് ഏതാനം ദിവസങ്ങളായി കുട്ടി വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Read Also: പബ്ബിൽ വിദ്യാർഥികളുടെ പാർട്ടിയെന്ന് സംശയം; മംഗളൂരുവിൽ ബജ്റംഗ്ദൾ പ്രവർത്തകരുടെ 'പരിശോധന'
തിരുവള്ളൂരിലെ കീഴ്ചേരിയിൽ തിങ്കളാഴ്ച സ്കൂൾ ഹോസ്റ്റലിൽ ജീവനൊടുക്കിയ കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തിരുവള്ളൂർ സർക്കാർ മെഡിക്കൽ കോളേജിൽ 3 സീനിയർ ഫോറൻസിക് സർജന്മാരുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്മോർട്ടം പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. മൃതദേഹം ഏറ്റുവാങ്ങില്ല എന്ന നിലപാടിലായിരുന്നു കുടുംബമെങ്കിലും ഇന്നലെ രാവിലെ അവർ തീരുമാനം മാറ്റി. ജന്മനാടായ തിരുത്തണിയിൽ സംസ്കാരച്ചടങ്ങ് നടന്നു. പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്ന് കഴിഞ്ഞയാഴ്ച വലിയ അക്രമസംഭവങ്ങൾ നടന്ന കള്ളക്കുറിച്ചിയിലെ സ്കൂളിലും പരിസരത്തും നിരോധനാജ്ഞ തുടരുകയാണ്.
കൗമാരക്കാരായ വിദ്യാർത്ഥിനികളുടെ ആവർത്തിച്ചുള്ള മരണങ്ങളിൽ മുഖ്യമന്ത്രി സ്റ്റാലിൻ ഉത്കണ്ഠ രേഖപ്പെടുത്തി. ജീവിതം അമൂല്യമാണെന്നും ഏത് സാഹചര്യത്തിലായാലും ആത്മഹത്യാ ചിന്ത വെടിയണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ മാനസികമായും ശാരീരികമായും ലൈംഗികമായും ഉപദ്രവിക്കുന്ന സംഭവങ്ങളിൽ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും ഇന്നലെ ചെന്നൈയിലെ ഒരു കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്റ്റാലിൻ പറഞ്ഞു.
Read Also: ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കും? ഹൈക്കോടതി ഇടപെടലിന് സാധ്യത; സുപ്രധാന റിപ്പോര്‍ട്ട്