കൊവിഡ് വ്യാപനം രൂക്ഷം; ഒരു മാസത്തെ ലോക്ക്ഡൗൺ വേണം; ശിവരാജ് സിംഗ് ചൗഹാന് കത്തയച്ച് ബിജെപി എംഎൽഎ
വിർച്വൽ മീറ്റിംഗുകൾ നിലവിലെ അവസ്ഥ പരിഹരിക്കാൻ പര്യാപ്തമല്ലെന്ന് സത്ന ജില്ലയിലെ ജനപ്രതിനിധിയായ ത്രിപാഠി കത്തിൽ വ്യക്തമാക്കി.
ഭോപ്പാൽ: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് അതൃപ്തി പ്രകടിപ്പിച്ച് മധ്യപ്രദേശ് ബിജെപി നേതാക്കൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് നാശം വിതച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിശദമാക്കി ബിജെപി എംഎൽഎ നാരായൺ ത്രിപാഠി മുഖ്യമന്ത്രിക്ക് കത്തയച്ചു. വിർച്വൽ മീറ്റിംഗുകൾ നിലവിലെ അവസ്ഥ പരിഹരിക്കാൻ പര്യാപ്തമല്ലെന്ന് സത്ന ജില്ലയിലെ ജനപ്രതിനിധിയായ ത്രിപാഠി കത്തിൽ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം തടയാൻ ഒരു മാസം ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
മധ്യപ്രദേശിലുൾപ്പെടെ, രാജ്യത്തുടനീളമുള്ള ആശുപത്രികൾ രോഗികളെ പരിചരിക്കാനും കൊവിഡ് ബാധ തടയാനും വളരെയധികം ബുദ്ധിമുട്ടുകയാണ്. ഇദ്ദേഹം കത്ത് അയക്കുന്ന സമയത്ത് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 12,000 ആണ്. കഴിഞ്ഞ ആഴ്ചയിൽ മധ്യപ്രദേശിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം 12662 ആയിരുന്നു. ഒരു ദിവസം കൊവിഡ് മൂലം മരിച്ചത് 94 പേർ. ഭോപ്പാലും ഇൻഡോറുമാണ് ഏറ്റവും അധികം കൊവിഡ് ബാധിതരുള്ളത്. നിലവിലെ സ്ഥിതി പരിശോധിച്ച് വീടുകൾ തോറുമുള്ള കൊവിഡ് പരിശോധന നടത്താനും പ്രതിരോധ കുത്തിവെയ്പുകൾ വേഗത്തിലാക്കാനും ബിജെപി എംഎൽഎ നാരായൺ ത്രിപാഠി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.