ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുള്ള സമിതി സംസ്ഥാനങ്ങളുടെ നിലപാട് തേടും; നിയമമന്ത്രിമാരുമായി ചർച്ച നടത്തും
അടുത്ത മാസം നടക്കുന്ന യോഗത്തിൽ നിയമ മന്ത്രാലയ ഉദ്യോഗസ്ഥരുടെ വിശദീകരണം കേൾക്കും
ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുള്ള സമിതി സംസ്ഥാനങ്ങളുടെ നിലപാട് തേടും. വിവിധ സംസ്ഥാനങ്ങളിലെ നിയമ മന്ത്രിമാരുമായി ചർച്ച നടത്താനാണ് തീരുമാനം. അടുത്ത മാസം നടക്കുന്ന യോഗത്തിൽ നിയമ മന്ത്രാലയ ഉദ്യോഗസ്ഥരുടെ വിശദീകരണം കേൾക്കും.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പരിശോധിക്കാനായുള്ള സംയുക്ത പാർലമെൻ്ററി സമിതിയില്‍ 21 അംഗങ്ങളാണ് ലോക്സഭയിൽ നിന്ന് സമിതിയിലുള്ളത്. 10 പേർ രാജ്യസഭയിൽ നിന്നാണ്. ബിജെപി എംപിയായ പിപി ചൗധരിയാണ് സമിതിയുടെ ചെയർമാൻ. വയനാട് എംപി പ്രിയങ്ക ഗാന്ധിയും സമിതിയിൽ അംഗമാണ്.
ലോക് സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള ഭരണഘടന ഭേദഗതി ബില്ലും ജമ്മുകശ്മീര്‍ ദില്ലി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് ബാധകമാക്കാന്‍ രണ്ടാമത്തെ ബില്ലുമാണ് കഴിഞ്ഞ ദിവസം ലോക്സഭയിൽ അവതരിപ്പിച്ചത്. ബില്ല് അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇലക്ട്രോണിക് വോട്ടിംഗില്‍ 369 വോട്ടുകള്‍ മാത്രമാണ് സാധുവായത്. അതില്‍ 220 പേര്‍ ബില്ലിനെ പിന്തുണച്ചു. 149 പേര്‍ എതിര്‍ത്തു. തുടര്‍ന്ന് സ്ലിപ് വിതരണം ചെയ്ത് വീണ്ടും വോട്ടിംഗ് നടത്തി. 467 പേരില്‍ 269 പേര്‍ ബില്ലിനെ പിന്തുണച്ചു. 198 പേര്‍ എതിര്‍ത്തു. ഭൂരിപക്ഷ പിന്തുണയില്‍ മന്ത്രി അര്‍ജ്ജുന്‍ റാം മേഘ് വാള്‍ ബില്ല് അവതരിപ്പിക്കുകയായിരുന്നു.