Omicron : യുകെയിലെ ഒമിക്രോൺ മരണം; ഇന്ത്യയിലും ജാഗ്രത കടുപ്പിക്കും, ബൂസ്റ്റർ ഡോസിൽ തീരുമാനമെന്ത്?
മഹാരാഷ്ട്രയില്‍ പുതുതായി രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മൊത്തം രോഗികളുടെ എണ്ണം നാൽപ്പതായത്. രോഗബാധിതരില്‍ നിലവില്‍ ആര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലന്നാണ് റിപ്പോര്‍ട്ട്
ദില്ലി: യുകെയില്‍ ലോകത്തെ ആദ്യ ഒമിക്രോണ്‍ (Omicron) മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഇന്ത്യയിലും ജാഗ്രത കടുപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. ഒമിക്രോൺ രോഗബാധ രാജ്യത്ത് പലയിടത്തും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള തീരുമാനം അധികം വൈകില്ലെന്നാണ് സൂചന. നേരത്തെ തന്നെ കൊവിഡ് (Covid 19) പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളുള്ള കേരളം (Kerala) ഉൾപ്പടെ 10 സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിരുന്നു. പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്. രാത്രികാല കർഫ്യൂ, വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾക്ക് നിയന്ത്രണം, തുടങ്ങിയ നടപടികൾ സ്വീകരിക്കാനാണ് കേന്ദ്രത്തിൻ്റെ നിർദേശം.
അതിനിടെ രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം നാല്‍പതായി ഉയർന്നു. മഹാരാഷ്ട്രയില്‍ പുതുതായി രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മൊത്തം രോഗികളുടെ എണ്ണം നാൽപ്പതായത്. രോഗബാധിതരില്‍ നിലവില്‍ ആര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലന്നാണ് റിപ്പോര്‍ട്ട്. അതേസമയം അധിക ഡോസ് നല്‍കുന്നതില്‍ ഇനിയും തീരുമാനമായിട്ടില്ല. വിദഗ്ധ സമിതി ചര്‍ച്ച തുടരുകയാണെന്നാണ് ആരോഗ്യമന്ത്രാലയം ആവര്‍ത്തിക്കുന്നത്.
അതേസമയം കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കൊവിഡ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ഒമിക്രോൺ വകഭേദം സംശയിക്കുന്ന കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് കിട്ടിയേക്കും. ഒമിക്രോൺ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചിരുന്നു. ഒമിക്രോൺ വകഭേദമാണോ എന്നറിയാൻ അയച്ച ഇവരുടെയടക്കമുള്ള സാമ്പിൾ പരിശോധനാഫലമാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.
റിസ്ക് പട്ടികയിലുള്ള 12 രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ 28ന് ശേഷം കേരളത്തിലെത്തിയത് 4,407 യാത്രക്കാരാണ്. ഇതിൽ 10 പേർക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേരുടെ ജിനോം പരിശോധന ഫലം വന്നു. ഒരാൾ ഒമിക്രോൺ പൊസിറ്റീവായപ്പോൾ രണ്ടാമത്തെയാൾക്ക് നെഗറ്റീവായത് ആശ്വാസമായി. രോഗം സ്ഥിരീകരിച്ചതിൽ എട്ട് പേരുടെ ജിനോം ഫലം വരാനുണ്ട്. ഒമിക്രോണാണോ എന്ന് സ്ഥിരികീരിക്കുന്നത് ജിനോം പരിശോധനയിലൂടെയാണ്. നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന് നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കൊവിഡ് പരിശോധന കർശനമാക്കാൻ കൊച്ചിയിൽ മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്. യാത്രാക്കപ്പലുകൾ കാര്യമായി വരുന്നില്ലെങ്കിലും ചരക്ക് കപ്പലിൽ വരുന്നവർക്ക് ഒമിക്രോൺ ബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് തുറമുഖങ്ങളിലും പരിശോധന കർശനമാക്കിയത്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആർടിപിസിആർ, റാപ്പിഡ് ടെസ്റ്റ് ഇവയിൽ ഏതെങ്കിലും ഒന്ന് നടത്തി പരിശോധന ഫലം വന്ന ശേഷമേ യാത്രക്കാരെ പുറത്ത് വിടൂ. പൊസിറ്റീവാണെങ്കിൽ നേരെ ആശുപത്രിയിലേക്ക് മാറ്റും. നെഗറ്റീവാണെങ്കിലും റിസ‍്ക് കാറ്റഗറി രാജ്യങ്ങളിൽ നിന്ന് വരുന്നവർ വീടുകളിൽ നിരീക്ഷണത്തിലിരിക്കണം. ആശങ്ക പട്ടികയില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരിൽ രണ്ട് ശതമാനം പേരെയും ഒമിക്രോൺ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ടെന്നും മന്ത്രി പി രാജീവ് അറിയിച്ചിട്ടുണ്ട്.