ബസിൽ മറ്റൊരാൾക്ക് സീറ്റ് കൊടുത്തു, പിന്നാലെ തുണി കീറുന്ന ശബ്ദം; അടിവസ്ത്രത്തിലെ പോക്കറ്റിൽ നിന്ന് 2 ലക്ഷം പോയി

രണ്ട് പേരാണ് പോക്കറ്റടിയുടെ പിന്നിൽ. സീറ്റിൽ ഇരിക്കുകയായിരുന്ന യുവാവിനെ തന്ത്രപൂർവം എഴുന്നേൽപ്പിച്ച് പണം മോഷ്ടിക്കുകയായിരുന്നു.

offered seat for a sick passenger under humanitarian grounds and this made him losing two lakh rupees

ബംഗളുരു: യുവാവ് അടിവസ്ത്രത്തിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ ബസ് യാത്രയ്ക്കിടെ പോക്കറ്റടിയിൽ നഷ്ടമായി. ആന്ധ്രാസ്വദേശിയായ യുവാവിന് ബംഗളുരു നഗരത്തിൽ വെച്ചാണ് പണം നഷ്ടമായത്. തിരക്കേറിയ ഒരു ബിഎംടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. പണം നഷ്ടമായ വിവരം ബസിൽ വെച്ചു തന്നെ മനസിലായിട്ടും യുവാവിന് മോഷ്ടാവിനെ കണ്ടെത്താനും കഴിഞ്ഞില്ല.

അനന്തപൂർ സ്വദേശിയായ ഉദയ് കുമാർ എന്ന യുവാവ് ഒരു ബന്ധുവിനെ സന്ദർശിക്കാനാണ് ബംഗളുരുവിലെത്തിയത്. ബസിൽ യെലഹങ്കയിൽ ഇറങ്ങിയ ശേഷം അവിടെ നിന്ന് ബിഎംടിസി ബസിൽ മജെസ്റ്റികിലേക്ക് വരികയായിരുന്നു. പകൽ പത്ത് മണിയോടെ ഹെബ്ബാളിൽ എത്തിയപ്പോൾ ബസിൽ നിറയെ യാത്രക്കാർ തിങ്ങിനിറഞ്ഞു. ഗതാഗതക്കുരുക്ക് കാരണം വളരെ പതുക്കെയാണ് ബസ് നീങ്ങിയിരുന്നതും.

പെട്ടെന്ന് അടുത്ത് നിൽക്കുകയായിരുന്ന ഒരു യാത്രക്കാരൻ തനിക്ക് സുഖമില്ലെന്നും സീറ്റ് ഒഴിഞ്ഞ് തരുമോ എന്നും ചോദിച്ചു. മാനുഷിക പരിഗണന വെച്ച് യുവാവ് സീറ്റ് കൊടുത്ത് സുഖമില്ലാത്തയാളെ ഇരിക്കാൻ അനുവദിച്ചു. ഇതിനിടെ ഇയാൾ ഛർദിക്കാൻ ശ്രമിക്കുന്നത് പോലെയുള്ള അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തു. ബസ് ഔട്ട‌ർ റിങ് റോഡിലെ ഹെബ്ബാൾ ബസ് സ്റ്റോപ്പിലെത്തിയപ്പോൾ തുണി കീറുന്നത് പോലെ ഒരു ശബ്ദം കേട്ടു.

ഉടുത്തിരുന്ന ലുങ്കി പരിശോധിച്ചപ്പോൾ മൂർച്ചയുള്ള എന്തേ കൊണ്ട് അത് കീറിയിരിക്കുന്നത് മനസിലാക്കി. അടിവസ്ത്രത്തിന്റെ പോക്കറ്റും ഇതുപോലെ കീറി അതിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. രണ്ട് ലക്ഷം രൂപയാണ് ഇങ്ങനെ നഷ്ടമായത്. ശബരിമല തീർത്ഥാടനത്തിന് വരാനുള്ള വ്രതത്തിലായിരുന്നതിനാലാണ് ലുങ്കി ഉടുത്തിരുന്നതെന്ന് യുവാവ് പറഞ്ഞു. മോഷണ വിവരം അറി‌ഞ്ഞപ്പോൾ തന്നെ മറ്റ് യാത്രക്കാരോടും കണ്ടക്ടറോടും കാര്യം പറഞ്ഞു. 

ബസിൽ നിന്ന് ഇറങ്ങിയ ശേഷം മോഷ്ടാവിനായി പരതിയെങ്കിലും അയാളെ കണ്ടെത്താനായില്ല. താൻ സീറ്റ് കൊടുത്തയാളെയും സീറ്റിന് സമീപം നിന്നിരുന്ന മറ്റൊരാളെയുമാണ് സംശയം. രണ്ട് പേരെയും കണ്ടെത്താനായില്ല. യുവാവിനെ തന്ത്ര പൂർവം സീറ്റിൽ നിന്ന് എഴുന്നേൽപ്പിച്ച്  പോക്കറ്റടിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. നേരത്തെ ബന്ധുവിന്റെ കൈയിൽ നിന്ന് പണം കടം വാങ്ങുകയും ഇപ്പോൾ ഒരു ലോൺ കിട്ടിയതിനെ തുടർന്ന് ബന്ധുവിന് പണം തിരികെ കൊടുക്കാനും വന്നതായിരുന്നു യുവാവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാംhttps://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios