10 വർഷത്തിനിടയിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തം, സിഗ്നൽ സംവിധാനം പാളിയത് വീഴ്ച, മരണം ഉയരുന്നു
സിഗ്നലിംഗ് സംവിധാനം പാളിയതിനാൽ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നൽകാനും റെയിൽവേയ്ക്ക് കഴിഞ്ഞില്ലെന്നാണ് വിവരം.
ദില്ലി : ഒഡീഷയിലുണ്ടായത് പത്ത് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തമെന്ന് റയിൽവേ മന്ത്രാലയം. ഒഡിഷക്ക് കൂടുതൽ സഹായം വാഗ്ദാനം ചെയ്ത കേന്ദ്രം, വേണ്ടി വന്നാൽ ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘത്തെ അയക്കുമെന്നും വ്യക്തമാക്കി. ഒഡിഷയിലെ ബാലസോറിന് സമീപം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്.
വൈകീട്ട് 6.55 ന് ബംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്പർ സൂപ്പർഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി. നാലു ബോഗികൾ തൊട്ടടുത്ത ട്രാക്കിലേക്ക് വീണു. തൊട്ടടുത്ത ട്രാക്കിലൂടെ അതിവേഗം വന്ന 12841 ഷാലിമാർ ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് പാളംതെറ്റി കിടന്ന ബോഗികളിലേക്ക് ഇടിച്ചുകയറി. 17 കോച്ചുകൾ മറിഞ്ഞു. രണ്ടാമത് ഇടിച്ചു കയറിയ കോറമാണ്ടൽ എക്സ്പ്രസ്ന്റെ ബോഗികൾ മൂന്നാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.
ട്രെയിനിൽ എത്ര പേരുണ്ടായിരുന്നുവെന്നതിലടക്കം ഇനിയും വ്യക്തതയായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആദ്യ അപകടമുണ്ടായ ശേഷം, അപായ മുന്നറിയിപ്പുകൾ ഫലപ്രദമായില്ലെന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. സിഗ്നലിംഗ് സംവിധാനം പാളിയതിനാൽ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നൽകാനും റെയിൽവേയ്ക്ക് കഴിഞ്ഞില്ല.
200 ലേറെ പേരുടെ മരണത്തിലേക്ക് നയിച്ച അപകടത്തിന്റെ വ്യാപ്തി ഇനിയും വർധിച്ചേക്കുമെന്നാണ് ഒഡീഷ സർക്കാരും അറിയിക്കുന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും തകർന്ന ഒരു ബോഗി പൊളിച്ചെടുക്കേണ്ടതുണ്ടെന്നും ഒഡീഷ ചീഫ് സെക്രട്ടറിയും അറിയിച്ചു. ഇതിനുള്ളിൽ മൃതദേഹമുണ്ടോയെന്നാണ് സംശയം. അപകടം നടന്നതിന് സമീപത്തായുളള 5 ജില്ലകളിലെ ആശുപത്രികളിലാണ് പരിക്കേറ്റവർക്ക് ചികിത്സ നല്കുന്നത്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ രക്ഷാ പ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിൽ പെട്ട എസ്എംവിടി - ഹൗറ എക്സ്പ്രസിൽ ബെംഗളുരുവിൽ നിന്ന് കയറിയത് 994 റിസർവ് ചെയ്ത യാത്രക്കാരാണെന്ന് റെയിൽവെ അറിയിച്ചു. 300 പേർ റിസർവ് ചെയ്യാതെയും കയറിയതായാണ് അനുമാനം.അങ്ങനെയെങ്കിൽ ഇനിയും മരണസംഖ്യ ഉയർന്നേക്കും.
ഒഡീഷ ട്രെയിൻ അപകടത്തിൽപ്പെട്ടവരിൽ മലയാളികളും, അന്തിക്കാട് സ്വദേശികളായ നാല് പേർക്ക് പരിക്ക്