മാസ്കില്ലാതെ ഡാൻസ്, നിയന്ത്രണം ലംഘിച്ച് കൊവിഡ് ഡ്യൂട്ടിക്ക് നിശ്ചയിച്ച വനിതാ ഓഫീസർ, ഒഡീഷയിൽ നടപടിയുമായി കളക്ടർ
ഓഫീസർ ആയാലും പൊതുജനം ആയാലും സമീപനങ്ങളിൽ യുക്തി വേണമെന്ന് കളക്ടർ...
ഭുവനേശ്വർ: കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ ചുമതലപ്പെടുത്തിയ ഓഫീസർ തന്നെ പൊതുഇടത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ചതോടെ നടപടിയുമായി ഓഡീഷാ സർക്കാർ. ഒഡീഷ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലെ ഉദ്യോഗസ്ഥയ്ക്ക് നേരെയാണ് നടപടി. രാജ്യത്ത് വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്നതിനിടെയാണ് സഹോദരന്റെ വിവാഹ ചടങ്ങിൽ മാസ്ക് പോലും വയ്ക്കാതെ ഇവർ നൃത്തം ചെയ്തത്.
ഒഡീഷയൽ കൊവിഡ് വ്യാപനം തടയാൻ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇവരുടെ ഡാൻസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് അധികൃതർ നടപടിയെടുക്കുമെന്ന് അറിയിച്ചത്.
ഇവർ നിലവിൽ അവധിയിലാണെന്നും അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചാലുടൻ വിശദീകരണം തേടുമെന്നും അതിന് ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നും ജാജ്പൂർ ജില്ലാ കളക്ടർ ചക്രവർത്തി സിംഗ് റാത്തോർ പറഞ്ഞു. ഓഫീസർ ആയാലും പൊതുജനം ആയാലും സമീപനങ്ങളിൽ യുക്തി വേണമെന്നും അദ്ദേഹം പറഞ്ഞു.
സുകിന്ദയിലെ തഹസിൽദാറാണ് ഈ ഉദ്യോഗസ്ഥ. സർക്കാർ വിവാഹചടങ്ങുകൾ പൂർണ്ണമായി നിരോധിക്കുകയും 25 പേരിൽ കൂടുതൽ പൊതുപരിപാടിയിൽ പങ്കെടുക്കരുതെന്ന് വ്യക്തമാക്കുകയും ചെയ്തതിനിടയിലാണ് സാമൂഹിക അകലമോ മറ്റ് മാനദണ്ഡങ്ങളോ പാലിക്കാതെ തഹസിൽദാർ സഹോദരന്റെ വിവാഹം നടത്തിയത്.