ഒഡീഷ എംഎൽഎ സുകന്ദകുമാർ നായകിന് കൊവിഡ്; യോഗങ്ങളെല്ലാം നിർത്തി വച്ച് സ്പീക്കർ
വനിതാ സ്വയംസഹായ സംഘത്തിന്റെ സമ്മേളനത്തിലും ഛത്താർപൂർ ഗ്രാമത്തിൽ സംഘടിപ്പിച്ച കൂട്ടായ്മയിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.
ഒഡീഷ: ഒഡീഷയിലെ ബിജെപി എംഎൽഎ സുകന്ദ കുമാർ നായകിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിക്കുന്ന ആദ്യ നിയമസഭാംഗമാണ് ഇദ്ദേഹമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നീൽഗിരി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ സുകന്ദകുമാറിനെ ചികിത്സയ്ക്കായി ബാലസ്സോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി എംഎൽഎ പിടിഐയോട് ഫോൺ വഴി അറിയിച്ചു. മുൻകൂട്ടി തീരുമാനിച്ചിരുന്ന യോഗങ്ങൾ റദ്ദ് ചെയ്തതായി സ്പീക്കർ അറിയിച്ചു.
നിയോജക മണ്ഡലത്തിലെ നിരവധി സമ്മേളനങ്ങളിൽ സുകന്ദകുമാർ പങ്കെടുത്തിരുന്നു. വനിതാ സ്വയംസഹായ സംഘത്തിന്റെ സമ്മേളനത്തിലും ഛത്താർപൂർ ഗ്രാമത്തിൽ സംഘടിപ്പിച്ച കൂട്ടായ്മയിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. നായകുമായി അടുത്ത ബന്ധം പുലർത്തിയ വ്യക്തികളെ കണ്ടെത്തുന്നതിന് വേണ്ട കോണ്ടാക്റ്റ് ട്രേസിംഗ് നടക്കുന്നതായി ബാലസോർ ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. രണ്ട് ദിവസം മുമ്പ് ഇദ്ദേഹം ഓഫീസ് സന്ദർശിച്ചിരുന്നതായും അതിനാൽ ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും ബാലസോർ ജില്ലാ സബ്കളക്ടർ ഹരിചന്ദ്ര ജെന പറഞ്ഞു.
വളരെ അടിയന്തരമല്ലാത്ത സാഹചര്യത്തിൽ സർക്കാർ ഓഫീസുകൾ സന്ദർശിക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. ബാലസോർ ജില്ലയിൽ 412 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിലവ്‍ 324 പേർ സുഖം പ്രാപിച്ചു. സജീവമായ കേസുകൾ 86 ആണ്. നിയമസഭ സമിത് യോഗങ്ങൾ താത്ക്കാലികമായി നിർത്തി വച്ചിരിക്കുകയാണെന്ന് സ്പീക്കർ അറിയിച്ചു. എന്നാൽ യോഗങ്ങൾ നിർത്തി വെയ്ക്കേണ്ട സാഹചര്യമില്ലെന്നും വീഡിയോ കോൺഫറൻസിംഗിലൂടെ നടത്താമെന്നും ബിജെപി ചീഫ് വിപ്പ് മോഹൻ മാജി പറഞ്ഞു.