കൊവിഡ് ഭീഷണി ഒഴിയുന്നു; രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം പത്തുലക്ഷത്തിൽ താഴെ
പ്രതിദിന കൊവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ട്. 65 ദിവസത്തിനുശേഷം ചികിത്സയിൽ ഉള്ളവരുടെ എണ്ണം 10 ലക്ഷത്തിൽ താഴെ എത്തി. രാജ്യം 95.6 % രോഗമുക്തിക്ക് നിരക്ക് കൈവരിച്ചു എന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ദില്ലി: രാജ്യത്തെ 165 ജില്ലകളിൽ മാത്രമേ നൂറിലധികം കൊവിഡ് കേസുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുള്ളൂ എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന കൊവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ട്. 65 ദിവസത്തിനുശേഷം ചികിത്സയിൽ ഉള്ളവരുടെ എണ്ണം 10 ലക്ഷത്തിൽ താഴെ എത്തി. രാജ്യം 95.6 % രോഗമുക്തിക്ക് നിരക്ക് കൈവരിച്ചു എന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അൺലോക്ക് നടപ്പാക്കിയാലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ജനങ്ങൾ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. കൊവിഡ് ആദ്യ തരംഗത്തിൽ 1-10 വയസ്സുള്ള കുട്ടികളിൽ 3.28% പേർക്ക് കൊവിഡ് ബാധിച്ചു. രണ്ടാം തരംഗത്തിൽ 3.05% കുട്ടികൾക്ക് രോഗം ബാധിച്ചു. 11-20 വയസ്സുള്ളവരിൽ 8.03 % പേർക്ക് ആദ്യ തരംഗത്തിലും 8.5% പേർക്ക് രണ്ടാം തരംഗത്തിലും രോഗം ബാധിച്ചു. ഏറ്റവും ഉയർന്ന കേസ് റിപ്പോർട്ട് ചെയ്തതിനുശേഷം പ്രതിദിന കേസുകളിൽ 85 ശതമാനത്തിന്റെ കുറവുണ്ടായതായും ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നൊവാവാക്സ് ഇന്ത്യയിൽ നിർമ്മിക്കും. നൊവാവാക്സിന്റെ പരീക്ഷണഫലം മികച്ചതാണ്. ഇത് ഫലപ്രദവും സുരക്ഷിതവും ആണെന്ന് പുറത്തുവന്ന പരീക്ഷണഫലം വ്യക്തമാക്കുന്നു. ഡെൽറ്റ വകഭേദത്തിന് എതിരെ സ്പുട്നിക് ഫലപ്രദമാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
രാജ്യത്ത് പുതുതായി 60,471 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു എന്നാണ് രാവിലെ പുറത്തുവന്ന റിപ്പോർട്ട്. ലക്ഷങ്ങൾ കടന്ന കൊവിഡ് കണക്കിൽ നിന്ന് അറുപതിനായിരത്തിലേക്ക് കൊവിഡ് ബാധിതരുടെ എണ്ണം ചുരുങ്ങുമ്പോൾ കണക്കിൽ തൽക്കാലം ആശ്വാസമാണ്. മാർച്ച് 31 മുതൽ ഇങ്ങോട്ട് റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകളിൽ ഏറ്റവും കുറഞ്ഞ പ്രതിദിനരോഗബാധാ നിരക്കാണ് ഇന്നത്തേത്. 2726 പേരാണ് കൊവിഡ് ബാധിച്ച് 24 മണിക്കൂറിൽ മരിച്ചതായി സ്ഥിരീകരിച്ചത്. രാജ്യത്തെ മൊത്തം മരണനിരക്ക് ഏപ്രിൽ 1-ന് ശേഷം 19% കൂടിയെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.
രാജ്യത്ത് കൊവിഡ് രണ്ടാംതരംഗമേൽപിച്ചത് വൻ ആഘാതമെന്ന് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. ഈ മാസം രാജ്യത്തെ കൊവിഡ് മരണനിരക്കിൽ വൻവർദ്ധനയാണുണ്ടായത്. മരണസംഖ്യ 19 ശതമാനം കൂടി. സംസ്ഥാനങ്ങളിൽ പലതും പഴയ കണക്കുകൾ പുറത്തുവിടുന്നതും ഇതിന് കാരണമാകുന്നുണ്ടെന്നും കണക്കുകൾ തെളിയിക്കുന്നു. ഇന്ത്യയിൽ കാണുന്ന ഡെൽറ്റ പ്ലസ് വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചുവെന്നതും ആശങ്ക വാനോളമുയർത്തുകയാണ്. ഡെൽറ്റ പ്ലസ് എന്നതാണ് പുതിയ വൈറസ് വകഭേദത്തിന് പേര് നൽകിയിരിക്കുന്നത്. തീവ്രവ്യാപന ശേഷിയുള്ള വൈറസ് വകഭേദമാണിതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona