Covid 19 India : രാജ്യത്തെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു
ജനുവരി 7 നും 13 നും ഇടയിൽ ആർ മൂല്യം 2.2 ആയിരുന്നു. ഇത് കുറഞ്ഞ് 1.57 ആയി എന്നാണ് കണ്ടെത്തൽ.
മുംബൈ: രാജ്യത്തെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ദില്ലിയില്‍ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് താഴെയെത്തി. മുബൈയിലും കൊൽക്കത്തയിലും മൂവായിരത്തിൽ കുറവാണ് രോഗികൾ. കർണാടകയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ രോഗവ്യാപന തോത് കാണിക്കുന്ന ആർ മൂല്യം ജനുവരി ആദ്യ ആഴ്ച്ചയേക്കാൾ കുറഞ്ഞതായി മദ്രാസ് ഐഐടി നടത്തിയ പഠനത്തിൽ കണ്ടെത്തി.
ജനുവരി 7 നും 13 നും ഇടയിൽ ആർ മൂല്യം 2.2 ആയിരുന്നു. ഇത് കുറഞ്ഞ് 1.57 ആയി എന്നാണ് കണ്ടെത്തൽ. ഫെബ്രുവരിയോടെ രാജ്യത്തെ രോഗികളുടെ എണ്ണം പരമാവധിയിൽ എത്തുമെന്നും പിന്നീട് രോഗവ്യാപനം കുറയും എന്നും പഠനത്തിൽ പറയുന്നു.
മഹാരാഷ്ട്രയിൽ ഇന്നു മുതൽ സ്കൂളുകൾ തുറക്കുകയാണ്. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഓഫ്‌ലൈൻ പഠനം തുടങ്ങും. സ്കൂൾ തുറക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടങ്ങൾക്ക് അന്തിമ തീരുമാനം എടുക്കാൻ അനുവാദമുണ്ട്. മുംബൈ, താനെ ,നാസിക് ജൽഗാവ്, നന്ദുബാർ എന്നിവിടങ്ങളിലൊക്കെ ഇന്നുതന്നെ ക്ലാസ്സ് തുടങ്ങും.
എന്നാൽ കോവിഡ് വ്യാപനം കൂടിയ പൂനെയിലും അഹമ്മദ് നഗറിലും സ്കൂൾ തുറക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. നാഗ്പൂരിൽ മറ്റന്നാൾ ആണ് സ്കൂളുകൾ തുറക്കുന്നത്. രക്ഷിതാക്കളുടെ സമ്മതപത്രം കുട്ടികൾ ഹാജരാക്കണം. കൊവിഡ് വ്യാപനം കൂടിയപ്പോൾ ഫെബ്രുവരി 15 വരെയാണ് നേരത്തെ സ്കൂളുകൾ അടയ്ക്കാൻ നിർദ്ദേശിച്ചിരുന്നത്.