നീറ്റ് പരീക്ഷാ കേന്ദ്രത്തിലെ വിവാദ നടപടി: അന്വേഷണത്തിന് മൂന്നംഗ സമിതി, 4 ആഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം
കൊല്ലം ആയൂരിലെ നീറ്റ് കേന്ദ്രത്തിലെ നടപടിയെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദ്ദേശ പ്രകാരം എൻടിഎ സമിതിയെ നിയോഗിച്ചത്.
കൊല്ലം: നീറ്റ് പരീക്ഷയ്ക്കായി അടിവസ്ത്രം അഴിപ്പിച്ചെന്ന വിദ്യാർത്ഥിനികളുടെ പരാതി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് എന്‍ടിഎ. ഡോ. സാധന പരഷാര്‍, ഒ ആര്‍ ഷൈലജ, സുചിത്ര ഷൈജിന്ത് എന്നിവരാണ് അംഗങ്ങള്‍. തിരുവനന്തപുരം സരസ്വതി വിദ്യാലയം പ്രിൻസിപ്പലാണ് ഷൈലജ. കൊല്ലം ആയൂരിലെ നീറ്റ് കേന്ദ്രത്തിലെ നടപടിയെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദ്ദേശ പ്രകാരം എൻടിഎ സമിതിയെ നിയോഗിച്ചത്. നാല് ആഴ്ച്ചയ്ക്കം സമിതി റിപ്പോർട്ട് നൽകണം.
Read Also : നീറ്റ് പരീക്ഷ തട്ടിപ്പ്: പ്രതിസ്ഥാനത്ത് ഡോക്ടർമാരും, സിബിഐ അന്വേഷണം പണം നൽകിയ മാതാപിതാക്കളിലേക്കും
എൻടിഎയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വിദ്യാർത്ഥിനികളുടെ പരാതിക്ക് തെളിവില്ലെന്നാണ് വ്യക്തമാക്കിയത്. സംഭവത്തെ കുറിച്ച് പരീക്ഷാ കേന്ദ്രത്തിന്‍റെ സൂപ്രണ്ട്, നീരീക്ഷകൻ, സിറ്റി കോർഡിനേറ്റർ എന്നിവർ നൽകിയ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ പാർലമെന്‍റില്‍ അടക്കം കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിഷേധം ഉയർത്തിയതും ദേശീയ ബാലാവകാശ കമ്മീഷനും വനിതാ കമ്മീഷനും സ്വമേധയാ കേസ് എടുത്തതും കൂടി കണക്കിലെടുത്താണ് പുതിയ നടപടി. അന്വേഷണ സമിതി കൊല്ലത്ത് എത്തി വിവരങ്ങൾ ശേഖരിക്കും. വിദ്യാർത്ഥികളെയും നേരിട്ട് കാണുമെന്നാണ് വിവരം. ഒന്നിലധികം വിദ്യാർത്ഥികൾ പരീക്ഷ സെന്‍ററിലെ പരിശോധന സംബന്ധിച്ച് പരാതി ഉയർത്തിയിരുന്നു.
Read Also : നീറ്റ് പരീക്ഷക്കിടെ അടിവസ്ത്രം അഴിപ്പിച്ച പ്രതികൾക്ക് ജാമ്യമില്ല,ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്‍റെ ലംഘനം-കോടതി
പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ അഞ്ച് പ്രതികളുടേയും ജാമ്യാപേക്ഷ കടയ്ക്കൽ മജിസ്ട്രേറ്റ് കോടതി തള്ളി. ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്‍റെ ലംഘനമാണ് നടന്നതെന്ന് കോടതി പറഞ്ഞു. കൂടുതൽ പ്രതികളെ പിടികൂടാനുള്ളതിനാൽ ജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. സ്വകാര്യ ഏജൻസിയായ സ്റ്റാർ സെക്യുരിറ്റി നിയോഗിച്ച മൂന്നുപേരെയും കോളജ് ശുചീകരണ ജീവനക്കാരായ രണ്ടുപേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോളജ് ശുചീകരണ ജീവനക്കാരായ ആയൂർ സ്വദേശികളായ എസ് മറിയാമ്മ, കെ മറിയാമ്മ, സ്റ്റാർ സെക്യൂരിറ്റി ജീവനക്കാരായ മഞ്ഞപ്പാറ സ്വദേശികളായ ഗീതു, ജോത്സന ജോബി, ബീന എന്നിവരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്.