രാത്രി തുടർച്ചയായി ഹോൺ മുഴക്കി, പൊലീസിനെ വിളിച്ചപ്പോൾ അക്രമാസക്തരായി സഹോദരിമാർ; നാടീകയതയ്ക്ക് ഒടുവിൽ അറസ്റ്റ്
ഹോൺ മുഴക്കുന്നത് ചോദ്യം ചെയ്ത വയോധികനെ ഇവർ കത്തി കാട്ടി ഭീഷണിപ്പെടുത്തി.
ദില്ലി: രാത്രിയിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഹോൺ മുഴക്കുകയും അപ്പാർട്ട്മെന്റിൽ പരിഭ്രാന്തി പരത്തുകയും ചെയ്ത സഹോദരിമാർ അറസ്റ്റിൽ. ഭവ്യ ജെയിൻ, ചാർവി ജെയിൻ എന്നിവരാണ് പിടിയിലായത്. ഹോൺ മുഴക്കിയത് ചോദ്യം ചെയ്ത വയോധികനെ ഇരുവരും ചേർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് പൊലീസിൽ വിവരമറിയിച്ച കാര്യം മനസിലാക്കിയ യുവതികൾ മണിക്കൂറുകളോളം മുറിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ഇരുവരും പ്രദേശത്ത് വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. ഈസ്റ്റ് ദില്ലിയിലെ വസുന്ധര എൻക്ലേവിലാണ് സംഭവം.
അപ്പാർട്ട്മെന്റിലൂടെ അലക്ഷ്യമായി വാഹനം ഓടിച്ച ഇരുവരും അവിടെ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളെ ഇടിക്കുകയും ആളുകളെ പരിക്കേൽപ്പിക്കുകയും ചെയ്തു. കവാടത്തിന് സമീപം പൊലീസ് സ്ഥാപിച്ച ബാരിയർ ഇടിച്ചുതകർത്ത ഇവർ പൊലീസ് വാഹനത്തെയും ഇടിച്ചു. തുടർന്ന് പൊലീസ് ഇവരെ പിന്തുടർന്നു. ഇതോടെ അമിത വേഗതയിൽ സഞ്ചരിച്ച സഹോദരിമാർ അപ്പാർട്ട്മെന്റിന് പുറത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറും ഇടിച്ചുതെറിപ്പിച്ചു. സ്കൂട്ടർ യാത്രികന് പരിക്കേറ്റിട്ടുണ്ട്.
സ്കൂട്ടറിനെ ഏറെ ദൂരം വലിച്ചിഴച്ച് മുന്നോട്ട് കൊണ്ടുപോയ ശേഷമാണ് സഹോദരിമാരുടെ വാഹനം പൊലീസിന്റെ പിടിയിലാകുന്നത്. നോയിഡ സെക്ടർ 20ൽ വെച്ച് പൊലീസ് ഇവരെ തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ, സെപ്റ്റംബറിൽ അപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചതിന് ശേഷം തടങ്കലിൽ പാർപ്പിച്ച കേസിൽ ഇതേ സഹോദരിമാർക്കെതിരെ കേസ് എടുത്തിരുന്നു.
READ MORE: 'മരിക്കാൻ പോവാ, മര്യാദയോടെ ജീവിക്കുന്നെയാരുന്നു'; പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി