പരിശോധനയില്ലാത്തതിനാല്‍ കൊറോണയില്ലെന്ന് യുപി സർക്കാരിന്റെ നയം; ക്വാറന്റീൻ കേന്ദ്രങ്ങൾ ശോചനീയം; പ്രിയങ്ക ഗാന്ധി
പരിശോധനയില്ലാത്തത് കൊറോണയില്ലാത്തതിന് തുല്യമെന്ന മന്ത്രത്തിൽ വിശ്വസിച്ച് പരിശോധന നിരക്ക് കുറക്കുന്ന നയമാണ് പിന്തുടരുന്നതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
ലക്നൗ: കൊവിഡ് വ്യാപന വിഷയത്തിൽ ഉത്തർപ്രദേശിലെ യോഗി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അപകടകരമായ വിധത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലും പരിശോധനയില്ല അതിനാൽ കൊവിഡില്ല എന്ന നയം ഭയാനകമായ അവസ്ഥയിലേക്ക് എത്തിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
ഈ വിഷയം ചൂണ്ടിക്കാണിച്ച് പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. പബ്ലിസിറ്റിയിലൂടെയും വാർത്തയിലൂടെയും മാത്രം കൊറോണയ്ക്കെതിരെ പോരാടാൻ സാധിക്കില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. 2500 കേസുകളാണ് വെള്ളിയാഴ്ച മാത്രം യുപിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മിക്കവാറും എല്ലാ നഗരങ്ങളിലും കൊറോണ ബാധിതരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലെ സ്ഥിതിയും മറ്റൊന്നല്ലെന്നും പ്രിയങ്ക കത്തിൽ പറഞ്ഞു.
'യുപിയിലെ ക്വാറന്റീൻ കേന്ദ്രങ്ങളുടെ അവസ്ഥയും വളരെ ശോചനീയമാണ്. ചില സ്ഥലങ്ങളിൽ വളരെ മോശം അവസ്ഥയാണുള്ളത്. കൊറോണ വൈറസിനേക്കാൾ ജനങ്ങൾ പേടിക്കുന്നത് മോശം സജ്ജീകരണങ്ങളെയാണ്. അത്തരം സാഹചര്യത്തിൽ പരിശോധനയ്ക്കായി വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും അവർ തയ്യാറാകില്ല.' സർക്കാരിന്റെ പരാജയമാണിതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. പരിശോധനയില്ലാത്തത് കൊറോണയില്ലാത്തതിന് തുല്യമെന്ന മന്ത്രത്തിൽ വിശ്വസിച്ച് പരിശോധന നിരക്ക് കുറക്കുന്ന നയമാണ് പിന്തുടരുന്നതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
കൊവിഡ് കേസുകളിൽ സ്ഫോടനാത്മകമായ വർദ്ധനയാണ് സംഭവിച്ചിരിക്കുന്നത്. പരിശോധൻ സുതാര്യമായി വർദ്ധിപ്പിച്ചില്ലെങ്കിൽ പകർച്ചവ്യാധിക്കെതിരായ പോരാട്ടം അപൂർണ്ണമായിരിക്കും. സാഹചര്യം കൂടുതൽ ഭയപ്പെടുത്തുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.