സൽവാർ വേണ്ട, സാരിയുടുത്താൽ മതി; കസിന്റെ ഭാര്യയെ ഉപദേശിച്ച് യുവാവ്, കുടുംബാംഗങ്ങൾ തമ്മിൽത്തല്ലി; പരാതി
അമറിന്റെ കസിന്റെ ഭാര്യ മീന ഞായറാഴ്ച രാവിലെ പഞ്ചാബി വസ്ത്രം ധരിച്ചത് കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. പഞ്ചാബി സൽവാർ ധരിച്ചതിന് അമർ മീനയെ ശകാരിക്കുകയും സാരി മാത്രം ഉടുക്കാൻ ഉപദേശിക്കുകയും ചെയ്തു
അഹമ്മദാബാദ്: സാരി ധരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഒരേ കുടംബത്തിലെ അംഗങ്ങൾ തമ്മിൽ സംഘർഷം. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേൽക്കുകയും മൂന്ന് മോട്ടോർ സൈക്കിളുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഞായറാഴ്ച ഗാന്ധിനഗറിലെ ധോലകുൻവയിൽ ആണ് സംഭവം. ധോലകുൻവ സ്വദേശിയായ അമർ (40) ആണ് ഇൻഫോസിറ്റി പൊലീസിൽ പരാതി നൽകിയത്.
അമറിന്റെ കസിന്റെ ഭാര്യ മീന ഞായറാഴ്ച രാവിലെ പഞ്ചാബി വസ്ത്രം ധരിച്ചത് കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. പഞ്ചാബി സൽവാർ ധരിച്ചതിന് അമർ മീനയെ ശകാരിക്കുകയും സാരി മാത്രം ഉടുക്കാൻ ഉപദേശിക്കുകയും ചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്ന മീന ഇക്കാര്യം ഭർത്താവ് പിയൂഷിനോട് പറയുകയായിരുന്നു. അമർ നൽകിയ പരാതി പ്രകാരം പിയൂഷ് കുടുംബത്തിലെ ചിലർക്കൊപ്പം ഞായറാഴ്ച തൻ്റെ വീട്ടിലെത്തി മീനയെ ഉപദേശിച്ചതിനെ തർക്കിച്ചു.
പീയൂഷും മറ്റ് മൂന്ന് പേരും തന്നെ അധിക്ഷേപിച്ചെന്നും അതിനെ എതിർത്തപ്പോൾ വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും അമർ ആരോപിച്ചു. അമറിൻ്റെ വീട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നാല് പേരും ചേർന്ന് അവരെയും ആക്രമിക്കുകയായിരുന്നു. അമറിനും കുടുംബത്തിലെ മൂന്ന് അംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റതായി ഇൻഫോസിറ്റി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, തന്നെ മർദിച്ചുവെന്നാരോപിച്ച് അമറിനും മറ്റ് രണ്ട് പേർക്കുമെതിരെ ഇൻഫോസിറ്റി പൊലീസിൽ തന്നെ പിയൂഷും പരാതി നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം