കൊവിഡ് വാക്‌സിന്‍ സാധാരണക്കാര്‍ക്ക് ലഭിക്കാന്‍ 2022വരെ കാത്തിരിക്കേണ്ടി വരുമെന്ന് എയിംസ് ഡയറക്ടര്‍

വാക്‌സിന്‍ ലഭ്യമായാല്‍ അത് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്ന തരത്തില്‍ ക്രമീകരിക്കുക വലിയ വെല്ലുവിളിയാണ്.
 

No coronavirus vaccine for common people till 2022, Says AIIMS director

ദില്ലി: കൊവിഡ് വാക്‌സിന്‍ സാധാരണക്കാര്‍ക്ക് ലഭിക്കാന്‍ 2022വരെ കാത്തിരിക്കണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. സിഎന്‍എന്‍-ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് ഗുലേറിയ ഇക്കാര്യം പറഞ്ഞത്. കൊവിഡ് വാക്‌സിന്‍ ഇന്ത്യന്‍ വിപണിയില്‍ എല്ലാവര്‍ക്കും ലഭിക്കാന്‍ ഒരു വര്‍ഷത്തിലേറെയെടുക്കുമെന്നും വാക്‌സിന്‍ കൊണ്ട് മാത്രം കൊറോണവൈറസിനെ പൂര്‍ണമായി തുടച്ചുനീക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനസംഖ്യ വളരെ കൂടുതലാണ്. അതുകൊണ്ട് വാക്‌സിന്‍ എല്ലാവരിലേക്കുമെത്താന്‍ കൂടുതല്‍ സമയമെടുക്കും. ഇതാണ് നിലവിലെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ ലഭ്യമായാല്‍ അത് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്ന തരത്തില്‍ ക്രമീകരിക്കുക വലിയ വെല്ലുവിളിയാണ്. ശീതീകരണ സംവിധാനം, സിറിഞ്ചുകള്‍, സൂചി എന്നിവ രാജ്യത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ച് വാക്‌സിന്‍ തടസ്സമില്ലാതെ ലഭ്യമാക്കണം. ആദ്യത്തെ വാക്‌സിനു ശേഷം രണ്ടാമതൊരു വാക്‌സിന്‍ ലഭ്യമാകുകയും അത് ആദ്യത്തിനേക്കാള്‍ ഫലപ്രദമാകുകയും ചെയ്യുന്ന അവസ്ഥ വന്നാലും വെല്ലുവിളിയുയരുമെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ബയോടെക്ക് ഐസിഎംആറുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിന്‍ പരീക്ഷണം മൂന്നാം ഘട്ടത്തിലാണെന്നും അടുത്ത ഫെബ്രുവരിയോടു കൂടി ലഭ്യമാകുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം പൂര്‍ത്തിയാകാന്‍ രണ്ടര വര്‍ഷത്തിലേറെ സമയമെടുക്കുമെന്നാണ് നിഗമനം. 

Latest Videos
Follow Us:
Download App:
  • android
  • ios