രോഗികളുടെ എണ്ണം മെയ് വരെ ഉയരുമെന്ന് കേന്ദ്രം, വെന്‍റിലേറ്റർ, ഓക്സിജൻ ക്ഷാമം എങ്ങനെ നേരിടും?
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷത്തിന് അടുത്ത്. മരണസംഖ്യ കഴിഞ്ഞ മൂന്നു ദിവസത്തിൽ ഏഴായിരത്തി അഞ്ഞൂറ് കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഉടൻ മാറ്റമുണ്ടാവില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ നിതി ആയോഗ് അംഗം ഡോ വി കെ പോൾ അവതരിപ്പിച്ച റിപ്പോർട്ട് നല്കുന്നത്.
ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മേയ് പകുതി വരെ ഉയർന്നു കൊണ്ടു തന്നെയിരിക്കുമെന്ന് കേന്ദ്രസർക്കാരിന്‍റെ മുന്നറിയിപ്പ്. അടിസ്ഥാന സൗകര്യങ്ങളുടെ വിടവ് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഉണ്ടാകുമെന്നും നീതി ആയോഗ് വ്യക്തമാക്കി. ഇന്ത്യയ്ക്ക് കാര്യമായ സഹായം ഉടൻ നല്കുമെന്ന് അമേരിക്കൻ വിദേശകാര്യസെക്രട്ടറി ആന്‍റണി ബ്ളിങ്കൻ അറിയിച്ചു.
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷത്തിന് അടുത്ത്. മരണസംഖ്യ കഴിഞ്ഞ മൂന്നു ദിവസത്തിൽ ഏഴായിരത്തി അഞ്ഞൂറ് കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഉടൻ മാറ്റമുണ്ടാവില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ നിതി ആയോഗ് അംഗം ഡോ വി കെ പോൾ അവതരിപ്പിച്ച റിപ്പോർട്ട് നല്കുന്നത്.
മേയ് പകുതി വരെ ഈ സംഖ്യ ഉയർന്നു കൊണ്ടു തന്നെയിരിക്കും. ജൂലൈ വരെ പ്രതിസന്ധി തുടരും. ഉത്തർപ്രദേശിൽ പ്രതിദിന രോഗികളുടെ എണ്ണം 1,19,000 കടക്കാം. ദില്ലിയിൽ ഇത് 65,000 വരെ എത്താം. കേരളത്തിൽ 38,000 മുകളിലേക്കുയരാം എന്നും റിപ്പോർട്ട് പറയുന്നു.
ദില്ലിയിലും ഉത്തർപ്രദേശിലും ഈ സംഖ്യ എത്തിയാൽ ഓക്സിജൻ സൗകര്യം ഉള്ള കിടക്കകളുടെ എണ്ണത്തിൽ പതിനാറായിരത്തിന്‍റെ കുറവുണ്ടാകും എന്നാണ് മുന്നറിയിപ്പ്. വെൻറിലേറ്ററുകളുടെ എണ്ണത്തിൽ ആയിരം മൂതൽ ആയിരത്തി അഞ്ഞൂറിന്‍റെ വരെ കുറവ് പ്രകടമാകും. കേരളത്തിൽ ഓക്സിജൻ സൗകര്യമൂള്ള 5500 കിടക്കകൾ എങ്കിലും കൂടുതൽ വേണം. 603 വെൻറിലേറ്റർ കൂടി സംഖ്യ നാല്പതിനായിരത്തിനടുത്ത് എത്തിയാൽ വേണ്ടി വരും.
അടിസ്ഥാന സൗകര്യവികസനത്തിന് സുഹൃദ് രാജ്യങ്ങളുമായി ചർച്ചയിലാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. മരുന്നുകളുടെ അസംസ്കൃത വസ്തുക്കളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ഇറക്കുമതി നിരോധനം നീക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. തന്ത്രപ്രധാന പങ്കാളിയായ ഇന്ത്യയ്ക്കുള്ള സഹായം കാര്യമായി കൂട്ടുമെന്ന് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ളിങ്കൻ അറിയിച്ചു. അമേരിക്കൻ ഭരണകൂടവുമായി സർക്കാർ നിരന്തരം ചർച്ചയിലാണെന്നാണ് സൂചന ഇന്ത്യയ്ക്ക് ആസ്ട്രാസെനക്കയുടെ വാക്സീൻ ഡോസുകൾ നല്കുന്നതിലും തീരുമാനം വന്നേക്കും. ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പടെ ഓക്സിജൻ ഇന്ത്യയിലെത്തിക്കാനാണ് കേന്ദ്രസർക്കാർ ശ്രമം.