കൊവിഡ് സാമ്പത്തിക പാക്കേജിന്റെ മൂന്നാം ഭാഗം: കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി നിർമല സീതാരാമൻ
ആത്മ നിർഭര ഭാരത് അഭിയാന്റെ ഭാഗമായി 20 ലക്ഷം കോടിയുടെ പദ്ധതിയുടെ മൂന്നാം ഭാഗമാണ് ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലയ സീതാരാമൻ പ്രഖ്യാപിക്കുന്നത്
ദില്ലി: കൊവിഡ് പശ്ചാത്തലത്തിൽ തിരിച്ചടി നേരിട്ട ഇന്ത്യൻ കാർഷിക മേഖലയ്ക്കാണ് മൂന്നാം ഭാഗത്തിൽ ഊന്നൽ നൽകിയിരിക്കുന്നതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. 11 പ്രഖ്യാപനങ്ങളാണ് ഇന്ന് നടത്തുന്നത്. ഇവയിൽ എട്ടെണ്ണം അടിസ്ഥാന സൗകര്യ വികസനത്തിനായുള്ളതാണെന്നും അവർ പറഞ്ഞു.
മൂന്ന് പ്രഖ്യാപനങ്ങൾ ഭരണരംഗത്തെ കാര്യക്ഷമതയ്ക്ക് ഊന്നൽ നൽകുന്നതാണെന്നും ധനമന്ത്രി പറഞ്ഞു. കാർഷിക മേഖലക്കാണ് ഇന്നത്തെ പ്രഖ്യാപനങ്ങൾ. കൃഷിയെ ആശ്രയിച്ചാണ് ഇന്ത്യയിലെ ഭൂരിഭാഗം പേരും ജീവിക്കുന്നത്. ആഗോളതലത്തിൽ ഇന്ത്യയെ മുന്നിലെത്തിക്കാൻ കർഷകർ ശ്രമിക്കുന്നുണ്ട്. രാജ്യത്ത് 85 ശതമാനം ചെറുകിട നാമമാത്ര കർഷകരാണുള്ളത്. രണ്ട് വർഷം വിതരണ ശൃംഖലയെ നിലനിർത്തി കാർഷിക മുന്നേറ്റത്തിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിലും കർഷകരെ സഹായിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചതാണ്. 74300 കോടിയുടെ വാങ്ങലുകളാണ് ലോക്ക് ഡൗൺ കാലത്ത് താങ്ങുവില അടിസ്ഥാനമാക്കി കേന്ദ്രം നടത്തിയത്. പിഎം കിസാൻ ഫണ്ട് വഴി 18700 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. 6400 കോടി പിഎം ഫസൽ ഭീമ യോജന വഴി നൽകിയെന്നും മന്ത്രി വിശദീകരിച്ചു.
കൊവിഡ് ലോക്ക് ഡൗൺ കാലത്ത് 25 ശതമാനം വരെ പാൽ ഉപഭോഗം കുറഞ്ഞു. 560 ലക്ഷം ലിറ്റർ പാൽ പ്രതിദിനം സഹകരണ സംഘങ്ങൾ വഴി സംഭരിച്ചു. 111 കോടി ലിറ്റർ പാൽ അധികമായി വാങ്ങാൻ 4100 കോടി ചെലവാക്കി. ക്ഷീര സഹകരണ സംഘങ്ങൾക്ക് രണ്ട് ശതമാനം പലിശ സബ്സിഡി പ്രഖ്യാപിച്ചു. മത്സ്യബന്ധന മേഖലയ്ക്കും സഹായം നൽകി. ചെമ്മീൻ കൃഷിക്കടക്കം പ്രധാന സഹായങ്ങൾ നൽകി. ഹാച്ചറികളുടെ രജിസ്ട്രേഷന് കൂടുതൽ സമയം നൽകി.
കാർഷിക മേഖലയ്ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടിയുടെ പ്രഖ്യാപനം കേന്ദ്രമന്ത്രി നടത്തി. കാർഷികോൽപ്പന്നങ്ങളുടെ സംഭരണത്തിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുക. കൂടുതൽ കോൾഡ് ചെയിൻ സ്ഥാപിക്കും. ആഗോള തലത്തിൽ കാർഷികോൽപ്പന്നങ്ങൾ ഉപയോഗിച്ച് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് സഹായകരമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സൂക്ഷ്മ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്കായി പതിനായിരം കോടി രൂപയുടെ പദ്ധതി. അസംഘടിത മേഖലയിലെ രണ്ട് ലക്ഷം സംരംഭങ്ങൾക്ക് ഇത് സഹായകരമാകും. സഹകരണ സംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ, മറ്റ് സംരംഭങ്ങൾ എന്നിവയ്ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനാണ് തുക. യുപിയിലെ മാങ്ങ, ആന്ധ്രയിലെ മുളക്, തമിഴ്നാട്ടിലെ മരച്ചീനി തുടങ്ങിയ വിളകളുടെ കയറ്റുമതിക്ക് സഹായം ഒരുക്കാനാണ് നീക്കം. ഇവയെ ആഗോള ബ്രാന്റുകളാക്കി മാറ്റാനാണ് ശ്രമം.
മത്സ്യബന്ധന മേഖലയിൽ 20000 കോടിയുടെ പദ്ധതി. 11000 കോടി സമുദ്ര മത്സ്യബന്ധനം, മത്സ്യ കൃഷിക്കായി നീക്കിവച്ചു. 70 ലക്ഷം ടൺ എങ്കിലും ഉൽപ്പാദനം വർധിപ്പിക്കാനാണ് ശ്രമം. മൃഗങ്ങളുടെ വായ, പാദ രോഗങ്ങൾ തടയാനായി 13343 കോടിയുടെ പദ്ധതി. രാജ്യത്തെ 53 കോടി വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ ഉറപ്പാക്കും. വാക്സിനേഷൻ നൂറ് ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതുവരെ 1.5 കോടി പശുക്കൾക്കും എരുമകൾക്കും വാക്സിനേഷൻ നൽകിയെന്നും മന്ത്രി പറഞ്ഞു.
ആർക്കും പണം നേരിട്ട് നൽകാനുള്ള പദ്ധതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം 15000 കോടി തുക ക്ഷീരോൽപ്പാദന രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി മാറ്റിവെച്ചു. ഔഷധ സസ്യങ്ങളുടെ കൃഷിക്ക് നാലായിരം കോടിയുടെ പദ്ധതി. നാഷണൽ മെഡിസിനൽ പ്ലാന്റ്സ് ബോർഡിന്റെ നേതൃത്വത്തിലാണ് പദ്ധതി. പത്ത് ലക്ഷം ഹെക്ടർ പ്രദേശത്ത് രണ്ട് വർഷത്തിനുള്ളിൽ ഇത് സാധ്യമാക്കും. 5000 കോടി അധിക വരുമാനം ഇതിലൂടെ കർഷകർക്ക് ലഭിക്കും. ഗംഗ നദിയുടെ ഇരു കരകളിലുമായി 800 ഹെക്ടർ ഭൂമിയിൽ ഔഷധ ഇടനാഴി സൃഷ്ടിക്കും.
തേനീച്ച വളർത്തലിനായി 500 കോടി നീക്കിവയ്ക്കും. രണ്ട് ലക്ഷം പേർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കൃഷിക്കും അനുബന്ധ പശ്ചാത്തല വികസനത്തിനുമായാണ് തുക പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് വിതരണ ശൃംഖല തടസപ്പെട്ടത് തക്കാളി, ഉള്ളി കർഷകരെയെല്ലാം ബാധിച്ചു. അതിനാൽ തന്നെ കർഷകർക്ക് ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്തിക്കുന്നതിനായി, ഗതാഗതത്തിന് 50 ശതമാനം സബ്സിഡി നൽകും. വിളകൾ സംഭരിച്ചുവെക്കാനുള്ള ചിലവിന്റെ 50 ശതമാനം സബ്സിഡി അനുവദിക്കും. ഇതിനായി 500 കോടി അനുവദിക്കും.
അവശ്യ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ടിൽ ഭേദഗതി കൊണ്ടുവരും. പൂഴ്ത്തിവെയ്പ്പടക്കമുള്ള ഘട്ടങ്ങളിൽ ഈ നിയമ പ്രകാരമാണ് നടപടിയെടുത്തിരുന്നത്. ഭക്ഷ്യ എണ്ണ, പയർ വർഗങ്ങൾ, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവ പൂഴ്ത്തിവെച്ചാൽ നടപടിയെടുക്കുന്നത് നിയന്ത്രിക്കും. ഭക്ഷ്യക്ഷാമം ഉണ്ടാവുക, പ്രകൃതിക്ഷോഭം, ദേശീയ ദുരന്തം എന്നിവയുണ്ടാകുമ്പോൾ മാത്രം ഇത്തരം വിളകളുടെ കാര്യത്തിൽ പൂഴ്ത്തിവെയ്പ്പ് തടഞ്ഞാൽ മതിയെന്നാണ് ഭേദഗതി.
കർഷകർക്ക് ആർക്കൊക്കെ വിളകൾ വിൽക്കാമെന്നത് സംബന്ധിച്ച് പുതിയ നിയമം. വിള ലൈസൻസുള്ള ഭക്ഷ്യോൽപ്പാദന സംഘങ്ങൾക്ക് മാത്രമേ ഇത് വിൽക്കാനാവൂ. ഈ തടസം നീക്കാനാണ് ശ്രമം. ഉയർന്ന വില നൽകുന്നവർക്ക് വിള നൽകാൻ കർഷകർക്ക് സഹായം നൽകുന്നതാവും പുതിയ നിയമം. ഇതോടെ കാർഷിക ഉല്പന്നങ്ങൾ കർഷകരുടെ ഇഷ്ടപ്രകാരം വിൽക്കാനാവും. കർഷകർ അവരുടെ കൃഷി തുടങ്ങുന്ന സമയത്ത് തന്നെ ഉൽപ്പന്നത്തിന്റെ വിലയെത്രയെന്ന് അറിയാനാവുന്നില്ല. കൃഷി ആരംഭിക്കുന്ന സമയത്ത് തന്നെ കയറ്റുമതിക്കാർ അടക്കമുള്ളവരോട് വിളയുടെ ഗുണമേന്മ, വിളവെടുപ്പിന്റെ സമയം എന്നിവ പരിഗണിച്ച് വില ഉറപ്പിക്കാനുള്ള അവസരം നൽകും. ഇതിനായി ചട്ടം ഭേദഗതി ചെയ്യും.