'മൂന്ന് മാസമായി വീട്ടിൽ പോകുന്നില്ല, കാണുന്നത് പിപിഇ കിറ്റിനുള്ളിൽ': കൊവിഡ് പോരാളികളായ ഡോക്‌ടർ ദമ്പതികൾ
ദില്ലിയിൽ രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ ജോലി ചെയ്യുന്ന ലോക് നായക് ഹോസ്‌പിറ്റലിൽ (എൽഎൻജെപി) ഇരുവരും കൊവിഡ് രോഗികളെ പരിപാലിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു.
ദില്ലി: കൊവിഡ് എന്ന മഹാമാരിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ലോക ജനത. കൊവിഡിനെതിരായ പോരാട്ടത്തിൽ രാപ്പകലില്ലാതെ മുന്നിൽ തന്നെയുണ്ട് ആരോഗ്യപ്രവർത്തകർ. ഉറ്റവരെ ഉപേക്ഷിച്ച് ആഘോഷങ്ങൾ ഒഴിവാക്കി മറ്റുള്ളവരുടെ ജീവനായി പോരാട്ടം നടത്തുകയാണ് ഓരോരുത്തരും. അത്തരത്തിലുള്ള ഡോക്ടർ ദമ്പതികളാണ് ഇഷാൻ രോഹത്‌ഗിയും രശ്‌മി മിശ്രയും. ഒരേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇരുവരും മാസങ്ങളായി കൊവിഡ് വാർഡുകളിൽ വച്ച് മാത്രമാണ് നേരിൽ കാണുന്നത്.
ഒരു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ജോലി തിരക്കുകൾ കാരണം യാത്ര പോകുന്നതടക്കമുള്ള നിരവധി പദ്ധതികൾ ഈ വർഷം നടത്താനായിരുന്നു ഇഷാനും രശ്മിയും കാത്തിരുന്നത്. എന്നാൽ ഇതിനിടയിൽ ലോകത്തെ പിടിച്ചടക്കി കൊണ്ട് കൊറോണ വൈറസ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടു. ഇതോടെ മുൻപ് പ്ലാൻ ചെയ്‌തിരുന്ന പദ്ധതികളും തീരുമാനങ്ങളും പിൻവലിച്ചു.
ദില്ലിയിൽ രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ ജോലി ചെയ്യുന്ന ലോക് നായക് ഹോസ്‌പിറ്റലിൽ (എൽഎൻജെപി) ഇരുവരും കൊവിഡ് രോഗികളെ പരിപാലിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു. കൊവിഡ് വാർഡുകളിൽ ഡ്യൂട്ടി ആരംഭിച്ചതോടെ കഴിഞ്ഞ മൂന്ന് മാസമായി കുടുംബാംഗങ്ങളെ കണ്ടിട്ടില്ലെന്ന് ദമ്പതികൾ പറയുന്നു. ഡ്യൂട്ടി സമയം പൂർത്തിയാകുന്നതിന് പിന്നാലെ താൽക്കാലിക താമസസ്ഥലങ്ങളിലേക്ക് മാറുകയാണ് ഇരുവരും. പ്രായമുള്ളവർ വീടുകളിലുള്ളതിനാലാണ് ഇരുവരും താൽക്കാലിക താമസസ്ഥലങ്ങളിൽ സമയം ചെലവഴിക്കുന്നത്.
"ഒരേ വാർഡിൽ രണ്ട് ഷിഫ്‌റ്റുകളിലായിട്ടാണ് ഞങ്ങൾ ജോലി ചെയ്യുന്നത്. ഇഷാൻ ഉച്ചകഴിഞ്ഞ് 3 മുതൽ 9 വരെ ഷിഫ്റ്റിൽ ആയിരിക്കുമ്പോൾ, ഞാൻ രാത്രി 9 മുതൽ രാവിലെ 9 വരെയുള്ള ഷിഫ്‌റ്റിലായിരിക്കും. ഞാൻ ഡ്യൂട്ടിക്ക് എത്തുമ്പോൾ, വാർഡിലെ കൊവിഡ് രോഗികളുടെ അവസ്ഥയെക്കുറിച്ച് ഇഷാൻ സംസാരിക്കും. ഡ്യൂട്ടി കൈമാറുന്നതിൻ്റെ ഭാഗമായി ഓരോ രോഗിയുടെയും അവസ്ഥയെക്കുറിച്ചും എല്ലാ മരുന്നുകളും അവർക്ക് നൽകുന്നതിനെക്കുറിച്ചും അദ്ദേഹം എന്നോട് പറയും. അതിനിടയിൽ, ഞാൻ ഭക്ഷണം കഴിച്ചോ എന്ന് അദ്ദേഹം എന്നോട് ചോദിക്കുകയും ആരോഗ്യം ശ്രദ്ധിക്കണമെന്ന് പറയുകയും ചെയ്യും" - രശ്‌മി പറയുന്നു.
കൊവിഡ് വാർഡിൽ നേരിൽ കാണുമ്പോൾ ഞങ്ങൾ പിപിഇ കിറ്റുകൾ ധരിച്ചിരിക്കും. ഇതിനാൽ വീഡിയോ കോളിലൂടെ മാത്രമാണ് കണ്ട് സംസാരിക്കാൻ കഴിയുന്നത്. രോഗികളെ കുറിച്ചാകും ഞങ്ങൾ കൂടുതലും സംസാരിക്കുന്നത്. ആശുപത്രിയിലെ ഓരോ രോഗിയുടെയും ജീവൻ രക്ഷിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. മരണങ്ങൾ സംഭവിക്കുമ്പോൾ വിഷമം തോന്നും. ചില സംഭവങ്ങൾ മാനസികമായി ബാധിക്കുമെന്നും രശ്‌മി പറയുന്നു.