വിമാനയാത്രയ്ക്ക് ഇനി പുതിയ ചട്ടം ബാധകം; ഒരൊറ്റ ബാഗ് മാത്രം അനുവദിക്കും അതും 7 കിലോയിൽ താഴെ മാത്രം ഹാന്റ് ബാഗ്

തിരക്ക് കൂടി പരിഗണിച്ച് കർശനമായി പുതിയ നയം നടപ്പാക്കാനാണ് തീരുമാനം. യാത്രക്കാർക്ക് ചിലപ്പോ ബുദ്ധിമുട്ട് നേരിട്ടേക്കും. 

new hand baggage policy in effect now passengers are allowed to carry single piece of baggage not exceeding 7 kilograms

ദില്ലി: ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിൽ വിമാന യാത്ര ചെയ്യുന്നവരെയെല്ലാം ബാധിക്കുന്നതാണ്  പുതിയ ഹാന്റ് ബാഗേജ് ചട്ടങ്ങൾ. രാജ്യത്തെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പുറത്തിറക്കിയ പോളിസി വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് കർശനമായി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പ്രീ എംബാർക്കേഷൻ സെക്യൂരിറ്റി ചെക് പോയിന്റുകളിലെ യാത്രക്കാരുടെ ആധിക്യം കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ തീരുമാനം.

പുതിയ ബാഗേജ് പോളിസി നടപ്പാക്കാൻ നിർദേശിച്ച് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗവും സിഐഎസ്‍എഫും നേരത്തെ തന്നെ വിമാന കമ്പനികൾക്ക് അറിയിപ്പ് കൊടുത്തിരുന്നു. ഇതനുസരിച്ച് യാത്രക്കാർക്ക് വിമാനത്തിനകത്തേക്ക് കൊണ്ടുപോകാവുന്ന ഹാന്റ് ബാഗേജായി ഇനി മുതൽ ഒരൊറ്റ ബാഗ് മാത്രമേ അനുവദിക്കൂ. ഇതിന്റെ ഭാരം ഏഴ് കിലോഗ്രാമായാണ് നിജപ്പെടുത്തിയിരിക്കുന്നതെങ്കിലും ഉയർന്ന ക്ലാസുകളിൽ ചില വിമാനക്കമ്പനികൾ ഇളവ് അനുവദിക്കുന്നുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിൽ ഇത് ബാധകമാണെന്നാണ് ചട്ടം. ഒരു ക്യാബിൻ ബാഗോ അല്ലെങ്കിൽ അല്ലെങ്കിൽ ഹാന്റ് ബാഗോ യാത്രക്കാർക്ക് വിമാനത്തിനകത്തേക്ക് കൊണ്ടുപോകാം. അധികമുള്ള ബാഗുകൾ ചെക്ക് ഇൻ ലഗേജിനൊപ്പം വിടണം.

ഇക്കണോമി, പ്രീമിയം ഇക്കണോമി ക്ലാസുകളിലെ യാത്രക്കാർക്ക് ഹാന്റ് ബാഗ് ഏഴ് കിലോഗ്രാം ആയിരിക്കുമെന്നും ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്ക് ഇത് പത്ത് കിലോഗ്രാം ആയിരിക്കുമെന്നുമാണ് എയർ ഇന്ത്യ അറിയിച്ചത്. ഇതിന് പുറമെ പരമാവധി 55 സെ.മി ഉയരവും 40 സെ.മി നീളവും 20 സെ.മി വീതിയുമുള്ള ബാഗുകൾ മാത്രമേ അനുവദിക്കൂ. അധിക ഭാരവും അളവുകളിലെ വ്യത്യാസവും അധിക തുക നൽകേണ്ടി വരാൻ കാരണമാവും. പരമാവധി അളവ് 115 സെ.മി ആയിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം 2024 മേയ് രണ്ടാം തീയ്യതിക്ക് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് ഇളവ് ലഭിക്കും. അത്തരം യാത്രക്കാർക്ക് ഇക്കണോമി ക്ലാസിൽ എട്ട് കിലോഗ്രാമും പ്രീമിയം ഇക്കണോമി ക്ലാസിൽ പത്ത് കിലോഗ്രാമും ബിസിനസ് ക്ലാസിൽ 12 കിലോഗ്രാമും ആയിരിക്കും ലഗേജ് പരിധി.

115 സെന്റ്മീറ്ററിൽ അധികമുള്ള ഹാന്റ് ബാഗുകൾ അനുവദിക്കില്ലെന്ന് ഇന്റിഗോയും അറിയിച്ചിട്ടുണ്ട്. പരമാവധി 7 കിലോഗ്രാം ആണ് ക്യാബിൻ ബാഗിന്റെ ഭാരം. ഇതിന് പുറമെ ചെറിയ ഒരു ലാപ്ടോപ്പ് ബാഗോ, അല്ലെങ്കിൽ പഴ്സോ പോലുള്ള പേഴ്സണൽ ബാഗും അനുവദിക്കും. അതിന്റെ ഭാരം മൂന്ന് കിലോയിൽ കൂടാൻ പാടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios