പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യം മൂന്നാമത്; അമേരിക്കയ്ക്കും ബ്രസീലിനും തൊട്ടുപിന്നില്‍
തുടർച്ചയായി ആറാം ദിവസവും പതിനായിരത്തിനടുത്ത് പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 9987 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ദില്ലി: ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവുമധികം പുതിയ രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്. അതേസമയം, രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. ഇതിനിടെ, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തി അറുപതിനായിരം പിന്നിട്ടു. തുടർച്ചയായി ആറാം ദിവസവും പതിനായിരത്തിനടുത്ത് പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 9987 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 266 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണം 7466 ആയി. രോഗമുക്തരായവർ ഒരു ലക്ഷത്തി മുപ്പതിനായിരത്തോട് അടുക്കുകയാണ്. ദില്ലിയിൽ കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ 1366 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 31,309 ആയി. സംസ്ഥാനത്ത് ഇതുവരെ 907 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഈ കണക്ക് രാജ്യ തലസ്ഥാനത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം ദില്ലിയിൽ ഒരു ലക്ഷം കടക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.
രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യത്തെ അടിസ്ഥാനസൗകര്യങ്ങളിൽ സമയബന്ധിതമായി വർധിപ്പിക്കുമെന്ന് ലഫ്.ഗവർണർ ഇന്നലെ കൂടിയ സർവകക്ഷി യോഗത്തിൽ അറിയിച്ചു. സർക്കാരിന് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയെന്നും ഗവർണർ പറഞ്ഞു. എന്നാൽ, യോഗത്തിന് ശേഷം ഗവർണർക്ക് എതിരെ ആംആദ്മി പാർട്ടി രംഗത്തെത്തി. ദില്ലിക്കാർക്ക് മാത്രമായി ചികിത്സ പരിമിതിപ്പെടുത്തിയ തീരുമാനം ഗവർണർ പുനഃപരിശോധന നടത്തിയത് യുപി , ഹരിയാന മുഖ്യമന്ത്രിമാരുടെ ഇടപെടൽ മൂലമാണെന്ന് ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് എംപി ആരോപിച്ചു. ആം ആദ്മി പാർട്ടിയുടെ ആരോപണങ്ങൾ ദൗർഭാഗ്യകരമെന്ന് ലഫ്.ഗവർണറുടെ ഓഫീസ് പ്രതികരിച്ചു.