യുവതിയുടെ 2 വർഷം നീണ്ട വയറുവേദനയുടെ കാരണം കണ്ടത്തിയില്ല; പ്രസവ സമയത്ത് കുഞ്ഞിന്റെ ശരീരത്തിൽ നിരവധി മുറിവുകൾ
ആദ്യ പ്രസവത്തിന് പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെയാണ് യുവതിയുടെ ആരോപണം.
ഭോപ്പാൽ: രണ്ട് വർഷം നീണ്ടു നിന്ന വയറുവേദനയുടെ കാരണം കണ്ടെത്താനാവാത്തതിന് പുറമെ പ്രസവ സമയത്ത് കുഞ്ഞിനുണ്ടായ പരിക്കുകൾക്കും കാരണമായത് ഡോക്ടർമാരുടെ അനാസ്ഥയെന്ന് യുവതിയുടെ പരാതി. ആദ്യ പ്രസവ സമയത്ത് യുവതിയുടെ ശരീരത്തിൽ മറന്നുവെച്ച സർജിക്കൽ നീഡിൽ രണ്ട് വർഷത്തിന് ശേഷം രണ്ടാമെത്തെ പ്രസവ സമയത്ത് ഗുരുതര അപകടം സംഭവിച്ച ശേഷമാണ് കണ്ടെത്തിയതെന്നാണ് ആരോപണം. മദ്ധ്യപ്രദേശിലെ റേവയിൽ പ്രവർത്തിക്കുന്ന സഞ്ജയ് ഗാന്ധി ആശുപത്രിക്കെതിരെയാണ് പരാതി.
ഹിന ഖാൻ എന്ന യുവതി 2023 മാർച്ച് അഞ്ചാം തീയ്യതി സഞ്ജയ് ഗാന്ധി ആശുപത്രിയിൽ വെച്ച് തന്റെ ആദ്യ കുഞ്ഞിന് ജന്മം നൽകിയിരുന്നു. അമ്മയും കുഞ്ഞും അന്ന് പൂർണ ആരോഗ്യത്തോടെ ഏതാനും ദിവസങ്ങൾക്കകം ആശുപത്രി വിട്ടു. എന്നാൽ വീട്ടിലെത്തി കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വയറുവേദന തുടങ്ങി. ഡോക്ടർമാരെ കാണിച്ചെങ്കിലും തുന്നലുകൾ കൊണ്ടുള്ള പ്രശ്നമായിരിക്കുമെന്നും പതുക്കെ ശരിയാവുമെന്നും പറഞ്ഞ് വിട്ടു. എന്നാൽ പിന്നെയും വയറുവേദന മാറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
പിന്നീട് രണ്ട് വർഷത്തിന് ശേഷം യുവതി രണ്ടാം പ്രസവത്തിന് തയ്യാറെടുത്തു. ജില്ലാ ആശുപത്രിയിൽ രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ കുഞ്ഞിനൊപ്പം സർജിക്കൽ നീഡിലും പുറത്തുവന്നു. ഇക്കാലമത്രയും സൂചി ശരീരത്തിനുള്ളിൽ കുടങ്ങിയിരുന്നതിന്റെ വേദന യുവതി അനുഭവിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ സൂചി ശരീരത്തിൽ ഉരഞ്ഞ് കുഞ്ഞിന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടായി. ഇതേ തുടർന്ന് പ്രസവം കഴിഞ്ഞയുടനെ കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റി. അമ്മയ്ക്ക് ഭാഗ്യവശാൽ മറ്റ് പ്രശ്നങ്ങളില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യുബിൽ കാണാം