'ഇന്ത്യന്‍ വൈറസ് ചൈനീസിനേക്കാളും ഇറ്റാലിയനേക്കാളും മാരകമാണ്'; ഇന്ത്യക്കെതിരെ നേപ്പാൾ പ്രധാനമന്ത്രി
ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് പുതിയ മാപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണിത്.
കാട്മണ്ഡു: ഇന്ത്യക്കെതിരെ വിവാദ പരാമർശവുമായി നേപ്പാൽ പ്രധാനമന്ത്രി കെ പി ശർമ്മ ഓലി. ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള വൈറസിനേക്കാൾ മാരകമായി തോന്നുന്നു ഇന്ത്യയിൽ നിന്നുള്ള വൈറസ് എന്നാണ് ഇദ്ദേഹത്തിന്റെ വിവാദ പരാമർശം. നേപ്പാളിൽ കൊവിഡ് വ്യാപിച്ച സംഭവത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി നടത്തിയ പ്രസംഗത്തിലാണ് ഈ വാക്കുകൾ. ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് പുതിയ മാപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണിത്.
കൊറോണ വൈറസ് ബാധയ്ക്ക് ശേഷം ആദ്യമായി പാർലമെന്റിൽ പ്രസംഗിക്കുകയായിരുന്നു നേപ്പാൾ പ്രധാനമന്ത്രി. നിയമവിരുദ്ധമായി ഇന്ത്യയിൽ നിന്ന് വരുന്നവരാണ് രാജ്യത്ത് വൈറസ് പടർത്തിയതെന്നും നിയമവിരുദ്ധമായി ആളുകളെ കൊണ്ടുവരുന്ന കാര്യത്തിൽ ചില പ്രാദേശിക ജനപ്രതിനിധികള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും പങ്കുണ്ടെന്നും പ്രസംഗ മധ്യേ അദ്ദേഹം പറഞ്ഞു. ജനങ്ങൾ പുറത്തിറങ്ങി നടക്കുന്നത് മൂലം കൊവിഡ് നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇന്ത്യന്‍ വൈറസ് ഇപ്പോള്‍ ചൈനീസിനേക്കാളും ഇറ്റാലിയനേക്കാളും മാരകമാണ്. അത് കൂടുതല്‍ ആളുകളെ രോഗബാധിതരാകുന്നു." ഒലി പറഞ്ഞു.
ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശങ്ങള്‍ തങ്ങളുടേതാക്കി നേപ്പാള്‍ രാഷ്ട്രീയ ഭൂപടം അംഗീകരിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ലിപുലേഖ്, കലാപാനി, ലിംപിയാധുര പ്രദേശങ്ങളാണ് നേപ്പാള്‍ സ്വന്തം പ്രദേശങ്ങളായി അംഗീകരിച്ച് പുതിയ മാപ്പ് പുറത്തിറക്കുന്നത്. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്ന പ്രദേശങ്ങളായിരുന്നു ഇത്. ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രദീപ് കുമാര്‍ ഗ്യാവാലി പറഞ്ഞതിന് ഒരാഴ്ച്ചക്ക് ശേഷമാണ് നേപ്പാള്‍ പുതിയ മാപ്പ് അംഗീകരിച്ചത്. പ്രധാനമന്ത്രി കെ പി ശര്‍മ ഒലി പുതിയ ഭൂപടം അംഗീകരിച്ചെന്ന് ധനമന്ത്രി യുവരാജ് ഖട്ടിവാഡ വ്യക്തമാക്കിയിരുന്നു.