നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഹസാരി ബാഗ് സ്കൂൾ പ്രിൻസിപ്പളിനെയും പരീക്ഷ സൂപ്രണ്ടിനെയും സിബിഐ അറസ്റ്റ് ചെയ്തു

ഇന്നലെ പട്നയിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്ത സി ബി ഐ ഇന്ന് ജാർഖണ്ഡിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു

NEET question paper leak CBI arrests Hazari Bagh school principal and superintendent of exams

ദില്ലി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പ‍ർ ചോർച്ചയുമായി ബന്ധപ്പെട്ട് വീണ്ടും സി ബി ഐ അറസ്റ്റ്. ഇന്നലെ പട്നയിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്ത സി ബി ഐ ഇന്ന് ജാർഖണ്ഡിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഹസാരി ബാഗിലെ സ്കൂൾ പ്രിൻസിപ്പൾ ഇസാൻ ഉൾ ഹഖ്, പരീക്ഷാ സെന്‍റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഹസാരി ബാഗിലെ സ്കൂളിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സ്കൂൾ പ്രിൻസിപ്പളിനെയും പരീക്ഷാ സെന്‍റർ സൂപ്രണ്ടിനെയും സി ബി ഐ അറസ്റ്റ് ചെയ്തത്. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്നലെ പാറ്റ്നയിൽ നിന്ന് മനീഷ് പ്രകാശ്, അശുതോഷ് എന്നിവരെയാണ് സി ബി ഐ അറസ്റ്റ് ചെയ്തത്.

അതിനിടെ നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്‍റിൽ ചർച്ച അനുവദിക്കാത്തതിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. സഭയിൽ ചർച്ച അനുവദിക്കാത്തത് ദൗർഭാ​ഗ്യകരമെന്നാണ് രാഹുൽ ​ഗാന്ധി പറഞ്ഞത്. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശങ്കയാണ് നീറ്റ് വിഷയമെന്നടക്കം ചൂണ്ടികാട്ടി വീഡിയോ സന്ദേശവുമായാണ് രാഹുൽ രംഗത്തെത്തിയത്. താൻ പാർലമെന്‍റിൽ വിഷയം ഉയർത്താൻ ശ്രമിച്ചു. പക്ഷേ തന്നെ അതിന് കേന്ദ്ര സർക്കാർ അനുവദിച്ചില്ല. നീറ്റ് ഒരു ദുരന്തമായി മാറിക്കഴിഞ്ഞു. ചോദ്യപേപ്പർ ചോർന്നെന്ന് വ്യക്തമാണെന്നും ഇതിലൂടെ ചിലർ കോടികളുണ്ടാക്കിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇനിയും ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നും നീറ്റ് വിഷയത്തിൽ വ്യക്തത ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും രാഹുൽ പറഞ്ഞു. വിദ്യാർഥികൾക്ക് അർഹിക്കുന്ന ബഹുമാനം നൽകാൻ പ്രധാനമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

നീറ്റ് ഒരു ദുരന്തമായി, ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശങ്ക പാർലമെന്‍റിൽ ഉന്നയിക്കാൻ പോലും അനുവദിച്ചില്ല: രാഹുൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios