NEET Exam : നീറ്റ് പരീക്ഷാ തട്ടിപ്പ് : അറസ്റ്റിലായ പ്രതികൾ നടത്തിയത് വൻ റാക്കറ്റെന്ന് കണ്ടെത്തൽ
അഡ്മിറ്റ് കാർഡിലെ ഫോട്ടോയടക്കം മാറ്റിയാണ് ആൾമാറാട്ടം നടത്തിയതെന്ന് സിബിഐ പറയുന്നു. കൂടൂതൽ അറസ്റ്റിലേക്ക് നീങ്ങാനാണ് സിബിഐയുടെ നീക്കം.
ദില്ലി: നീറ്റ് പരീക്ഷാ തട്ടിപ്പില്‍ അറസ്റ്റിലായ പ്രതികൾ നടത്തിയത് വൻ റാക്കറ്റെന്ന് കണ്ടെത്തൽ. അഡ്മിറ്റ് കാർഡിലെ ഫോട്ടോയടക്കം മാറ്റിയാണ് ആൾമാറാട്ടം നടത്തിയതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കൂടൂതൽ അറസ്റ്റിലേക്ക് നീങ്ങാനാണ് സിബിഐയുടെ നീക്കം.
ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതിയ കേസില്‍ ഇന്നലെ എട്ട് പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത് ദില്ലിയിൽ നിന്നാണ് എട്ട് പേരെയും അറസ്റ്റ് ചെയ്തത്. 11 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നു. ദില്ലി, ഹരിയാന സംസ്ഥാനങ്ങളിലെ സെന്‍ററുകളിലാണ് നീറ്റ് പരീക്ഷയ്ക്കിടെ തട്ടിപ്പ് നടന്നത്. കേസുമായി ബന്ധപ്പെട്ട് കൂടൂതൽ അന്വേഷണം നടക്കുകയാണെന്ന് സിബിഐ അറിയിച്ചു.
നീറ്റ് പരീക്ഷ; അടിവസ്ത്രം അഴിപ്പിച്ചതിൽ കൂടുതൽ പരാതികള്‍
കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതൽ പെണ്‍കുട്ടികൾ രംഗത്തെത്തി. വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് പെണ്‍കുട്ടികൾ പറയുന്നു. അടിവസ്‌ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് കോളേജിൽ വച്ച് അടിവസ്ത്രം ഇടാൻ അനുവദിച്ചില്ലെന്നും പെണ്‍കുട്ടികൾ പരാതിപ്പെടുന്നു. അതേസമയം, താൻ നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി തെളിവ് കിട്ടിയിട്ടില്ലെന്നാണ് നീറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ എൻ ജെ ബാബു പറയുന്നത്. വിവാദം നാഷണൽ ടെസ്റ്റിംഗ് ഏജൻസി അന്വേഷിക്കും. ഇവരുടെ അന്വേഷണത്തിനൊടുവിൽ തുടര്‍നടപടി സ്വീകരിക്കുമെന്നും നീറ്റ് ജില്ലാ കോ - ഓർഡിനേറ്റർ അറിയിച്ചു.
Also Read: വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു
സംഭവത്തിൽ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസിയിലെ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏജൻസി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് കൊട്ടാരക്കര ഡി വൈ എസ് പി പറഞ്ഞു. അതേസമയം, പാർലമെന്‍റിൽ ഉന്നയിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. വിഷയം ലോകസഭയിൽ ഉന്നയിക്കുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. വിദ്യാർത്ഥിയോട് പരീക്ഷാ നടത്തിപ്പുകാർ സ്വീകരിച്ച സമീപനം ധിക്കാരവും മനുഷ്യത്വ വിരുദ്ധവും ആണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. നേരത്തെയും ഇത്തരം സംഭവങ്ങളിൽ പരാതിപെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.