സഭ സ്ഥിരം തടസപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല, അദാനിക്കെതിരായ പ്രതിഷേധത്തിൽ കോൺഗ്രസിനെതിരെ ഇടതുപക്ഷവും
അദാനി വിഷയത്തിൽ മാത്രം സഭ സ്ഥിരം തടസപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ലെന്ന നിലപാടിലാണ് സിപിഎമ്മും സിപിഐയും.
ദില്ലി : പാർലമെന്റിൽ തുടർച്ചയായി അദാനിക്കെതിരെ സഭ നിർത്തിവെപ്പിച്ച് നടക്കുന്ന പ്രതിഷേധത്തിൽ ഇന്ത്യാ മുന്നണിയിൽ ഭിന്നാഭിപ്രായം. തൃണമൂൽ കോൺഗ്രസിന് പിന്നാലെ കോൺഗ്രസിനെതിരെ കടുത്ത നിലപാടെടുത്ത് ഇടതുപക്ഷവും രംഗത്തെത്തി. പ്രധാന വിഷയങ്ങൾ ചർച്ചയിൽ വരാത്ത രീതിയിൽ അദാനി വിഷയത്തിൽ മാത്രം സഭ സ്ഥിരം തടസപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ലെന്ന നിലപാടിലാണ് സിപിഎമ്മും സിപിഐയും. എന്നാൽ സഖ്യകക്ഷികളുടെ സമ്മർദ്ദത്തിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വഴങ്ങേണ്ടി വന്നതാണെന്നാണ് കോൺഗ്രസ് പ്രതികരണം. അദാനിക്കെതിരായ കേസിൽ പാർലമെൻറ് കവാടത്തിൽ ഇന്ന് ഇന്ത്യാ മുന്നണി പ്രതിഷേധിക്കും. എന്നാൽ പ്രതിഷേധത്തിൽ ടിഎംസി പങ്കുചേരില്ല. സംഭൽ, ബംഗ്ളാദേശ്, തമിഴാടിനുള്ള സഹായം എന്നീ വിഷയങ്ങൾ സഭയിൽ ഇന്ന് ഉന്നയിക്കും.
മണിപ്പൂര്‍, വയനാട്, സംഭല്‍, ഫിഞ്ചാല്‍ ചുഴലിക്കാറ്റില്‍ തമിഴ്നാടിന് സഹായം, കര്‍ഷക പ്രതിഷേധം വിഷയങ്ങള്‍ ലോക്സഭയിൽ അടിയന്തര പ്രമേയമായും രാജ്യസഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസായും എത്തുന്നുണ്ടെങ്കിലും പ്രധാന വിഷയമാകുന്നില്ലെന്നാണ് സഖ്യകക്ഷികളുടെ വിമർശം. പല സംസ്ഥാനങ്ങളും ഉയർത്തുന്ന ആവശ്യങ്ങൾ പാർലമെന്റിൽ വേണ്ട രീതിയിൽ ചർച്ച ചെയ്യപ്പെടുന്നില്ല. ഇതാണ് ഇന്ത്യ മുന്നണിയിലെ പൊട്ടിത്തെറിയിലേക്ക് എത്തി നിൽക്കുന്നത്.
അദാനി വിഷയത്തില്‍ കോണ്‍ഗ്രസ് എല്ലാ ദിവസവും സഭ സ്തംഭിപ്പിക്കുന്നതില്‍ ഇടത് മുന്നണിക്ക് മാത്രമല്ല, ഇന്ത്യ സഖ്യത്തില്‍ തൃണമൂൽ കോൺഗ്രസിനും പ്രതിഷേധമുണ്ട്. ബംഗാളിലെ വിഷയങ്ങള്‍ക്കൊപ്പം വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. ഇതോടെ ഇന്ത്യ സഖ്യ യോഗം ബഹിഷ്ക്കരിച്ച തൃണമൂല്‍ പാര്‍ലമെന്‍റിലെ പ്രതിഷേധത്തിലും ഇന്നലെ പങ്കെടുത്തില്ല. എന്‍സിപിക്കും വിഷയത്തിൽ കടുത്ത അതൃപ്തിയുണ്ട്. സഖ്യകക്ഷികള്‍ എതിർപ്പ് അറിയിച്ചതോടെ കോൺഗ്രസും പ്രതിരോധത്തിലാണ്.