എൻസിഇആർടി പുസ്തകങ്ങളിൽ ആര്‍എസ്എസ് നിരോധനവും ഗുജറാത്ത് കലാപവും ഒഴിവാക്കി; സിലബസ് പരിഷ്ക്കരണമെന്ന് വിശദീകരണം
സിലബസ് പരിഷ്ക്കരണമെന്ന വിശദീകരണത്തോടെയാണ് പതിനഞ്ച് വര്‍ഷത്തിലേറെയായി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുണ്ടായിരുന്ന ഭാഗങ്ങള്‍ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.
ദില്ലി: ആര്‍എസ്എസ് നിരോധനം, ഗുജറാത്ത് കലാപം തുടങ്ങിയ സംഭവങ്ങള്‍ ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കി എന്‍സിഇആര്‍ടി. സിലബസ് പരിഷ്ക്കരണമെന്ന വിശദീകരണത്തോടെയാണ് പതിനഞ്ച് വര്‍ഷത്തിലേറെയായി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുണ്ടായിരുന്ന ഭാഗങ്ങള്‍ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.
ഹിന്ദു മുസ്ലീം ഐക്യത്തിനായുള്ള ഗാന്ധിജിയുടെ ശ്രമങ്ങള്‍ തീവ്ര നിലപാടുള്ള ഹിന്ദുക്കളെ ചൊടിപ്പിച്ചിരുന്നു, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാക്കണമെന്ന് വാദിച്ചവരെ ഗാന്ധി ഇഷ്ടപ്പെട്ടിരുന്നില്ല, ഗാന്ധി വധത്തിന് പിന്നാലെ വിദ്വേഷം പടര്‍ത്തുന്ന സംഘടനകളെ നിരോധിച്ചിരുന്നു, ആര്‍എസ്എസിനെയും കുറച്ച് കാലത്തേക്ക് നിരോധിച്ചു തുടങ്ങി പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സ് പുസ്കത്തിലുണ്ടായിരുന്ന ഭാഗങ്ങളാണ് എന്‍സിഇആര്‍ടി നീക്കം ചെയ്തത്.
ഗുജറാത്ത് കലാപത്തെ കുറിച്ച് പരാമര്‍ശമുള്ള അണ്ടര്‍സ്റ്റാന്‍ഡിംഗ് സൊസൈററി എന്ന ഭാഗം പ്ലസ് വണ്‍ പാഠപുസ്തകത്തില്‍ നിന്നും നീക്കി. നീക്കം ചെയ്ത പാഠഭാഗങ്ങളേതൊക്കെയെന്ന് വിശദമാക്കുന്ന കുറിപ്പില്‍ പക്ഷേ എന്‍സിആആര്‍ടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നില്ല. നേരത്തെ സാമൂഹിക പ്രസ്ഥാനങ്ങളെ കുറിച്ചും, മുഗള്‍കാലഘട്ടത്തെയും, ജാതിവ്യവസ്ഥയെ കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയത് വിവാദമായിരുന്നു.