'നവസത്യാഗ്രഹ് ബൈഠക്'; കോണ്‍ഗ്രസിന്‍റെ വിശാല പ്രവര്‍ത്തക സമിതി യോഗം ഇന്ന്, രാഹുൽ ഗാന്ധി ബെലഗാവിയിലെത്തി
കോൺഗ്രസിന്‍റെ വിശാല പ്രവർത്തകസമിതിയോഗം ഇന്ന് കർണാടകയിലെ ബെലഗാവിയിൽ ചേരും. മല്ലികാർജുൻ ഖർഗെയ്ക്ക് ഒപ്പം രാഹുൽ ഗാന്ധി ബെലഗാവിയിലെത്തി
ബംഗളൂരു: കോൺഗ്രസിന്‍റെ വിശാല പ്രവർത്തകസമിതിയോഗം ഇന്ന് കർണാടകയിലെ ബെലഗാവിയിൽ ചേരും. യോഗത്തിൽ പങ്കെടുക്കാൻ മല്ലികാർജുൻ ഖർഗെയ്ക്ക് ഒപ്പം രാഹുൽ ഗാന്ധി ബെലഗാവിയിലെത്തി. നൂറ് വർഷം മുൻപ്, 1924-ൽ, ബെലഗാവിയിൽ വെച്ചാണ് മഹാത്മാഗാന്ധി കോൺഗ്രസ് അധ്യക്ഷപദം ഏറ്റെടുത്തത്. ഇതിന്‍റെ നൂറാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് അതേ സ്ഥലത്ത് വച്ച് തന്നെ വീണ്ടും പ്രവർത്തകസമിതി ചേരുന്നത്.
'നവസത്യാഗ്രഹ് ബൈഠക്' എന്ന് പേരിട്ട വിശാലപ്രവർത്തകസമിതിയോഗം വൈകിട്ട് മൂന്ന് മണിക്കാണ് തുടങ്ങുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ യോഗത്തിന് ആധ്യക്ഷം വഹിക്കും. നാളെ ബെലഗാവിയിൽ 'ജയ് ബാപു, ജയ് ഭീം, ജയ് സംവിധാൻ'' എന്ന പേരിൽ മെഗാറാലിയുമുണ്ടാകും. മല്ലികാർജുൻ ഖർഗെ, എംപിമാരായ രാഹുൽ ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുക്കാൻ ബെലഗാവിയിലെത്തി.
ആരോഗ്യകാരണങ്ങളാൽ സോണിയാഗാന്ധി യോഗത്തിനെത്തില്ല. കേരളമടക്കം പ്രധാനപ്പെട്ട സംസ്ഥാനതെരഞ്ഞെടുപ്പുകൾ അടുത്ത രണ്ട് വർഷത്തിനകം നടക്കാനിരിക്കേ, 2025-ൽ പുനഃസംഘടന പൂർത്തിയാക്കാനുള്ള പ്രവർത്തനപദ്ധതി വിശാലപ്രവർത്തകസമിതിയിൽ പ്രധാനചർച്ചാ വിഷയമായേക്കും. തെരഞ്ഞെടുപ്പുകളിലെ നയവും തന്ത്രവും കൈകാര്യം ചെയ്യാൻ സ്ഥിരം സംവിധാനം രൂപീകരിക്കുന്നതിലും വിശദമായ ചർച്ച നടക്കും.
ഹരിയാനയിലെ അപ്രതീക്ഷിതതോൽവിയും മഹാരാഷ്ട്രയിലെ തിരിച്ചടിയും പരിശോധിക്കാൻ അന്വേഷണകമ്മീഷനെ വയ്ക്കുന്നതിൽ ചർച്ചയുണ്ടാകും. അമിത് ഷായുടെ വിവാദ അംബേദ്കർ പരാമർശത്തിനെതിരെയും ഭരണഘടനാസംവിധാനങ്ങൾക്ക് മേൽ കടന്ന് കയറുന്ന കേന്ദ്രനയങ്ങൾക്കെതിരെയും രണ്ട് പ്രമേയങ്ങൾ പ്രവർത്തകസമിതി പാസ്സാക്കും.
2023-24 വർഷത്തിൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി രൂപ, കോൺഗ്രസിന് ലഭിച്ചതും പുറത്ത്