ഒറ്റ ദിവസം, രാജ്യത്ത് കൊവിഡ് രോഗികൾ 3.15 ലക്ഷത്തോളം, ലോകത്തെ ഏറ്റവും വലിയ പ്രതിദിന വർധന
100 ൽ 19 പേർക്കെന്ന വിധമാണ് രാജ്യത്തെ ഇപ്പോഴത്തെ രോഗബാധ. പ്രതിദിന മരണവും കഴിഞ്ഞ ദിവസം രണ്ടായിരം പിന്നിട്ടിരുന്നു. രോഗവ്യാപനം തീവ്രമാകുമ്പോൾ ദിനം പ്രതി വാക്സീൻ, ഓക്സിജൻ പ്രതിസന്ധി രാജ്യത്ത് രൂക്ഷമാകുകയാണ്.
ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 3.15 ലക്ഷത്തിലേക്ക്. ലോകത്തെ ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്. ഒരു ദിവസം മൂന്ന് ലക്ഷത്തിലധികം കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുമ്പോൾ അമേരിക്കയെയും പിന്നിട്ട് ഇന്ത്യ കൊവിഡ് വ്യാപനത്തിൽ മുന്നോട്ട് കുതിക്കുന്നത് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്. നേരത്തേ കൊവിഡ് വ്യാപനത്തിൽ ഇന്ത്യ ബ്രസീലിനെ മറികടന്നിരുന്നു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 30 ലക്ഷം കടന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,14,835 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മരണനിരക്ക് ഇന്നും രണ്ടായിരത്തിന് മുകളിലാണ്. 2104 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചത്.
100-ൽ 19 പേർക്കും രോഗം
100 ൽ 19 പേർക്കെന്ന വിധമാണ് രാജ്യത്തെ ഇപ്പോഴത്തെ രോഗബാധ. പ്രതിദിന മരണവും കഴിഞ്ഞ ദിവസം രണ്ടായിരം പിന്നിട്ടിരുന്നു. രോഗവ്യാപനം തീവ്രമാകുമ്പോൾ ദിനം പ്രതി വാക്സീൻ, ഓക്സിജൻ പ്രതിസന്ധി രാജ്യത്ത് രൂക്ഷമാകുകയാണ്.
ഇതിനിടെ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റെംഡിസിവിറിന്‍റെ ഉത്പാദന പരിധി കേന്ദ്രം കൂട്ടി. 38 ലക്ഷം വയലിൽ നിന്നും 78 ലക്ഷം വയലാക്കിയാണ് ഉത്പാദന പരിധി ഉയർത്തിയത്. കടുത്ത പ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയിലേക്ക് റെംഡിസിവിറിന്‍റെ ഭൂരിഭാഗം ഡോസും എത്തിക്കും. കൂടുതലായി 20 മരുന്നുൽപ്പാദനകേന്ദ്രങ്ങൾക്കും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.
19 സംസ്ഥാനങ്ങളിലേക്കായിരിക്കും പുതുതായി ഉത്പാദിപ്പിക്കുന്ന റെംഡിസിവിറിന്‍റെ ഭൂരിഭാഗം പുതിയ ഡോസുകളും എത്തിക്കുക. ഇതിൽ സിംഹഭാഗവും കൊവിഡ് രോഗവ്യാപനം പിടിവിട്ടുയരുന്ന മഹാരാഷ്ട്രയിലേക്ക് എത്തിക്കും. മഹാരാഷ്ട്രയ്ക്ക് 2,69,200 വയൽ റെംഡിസിവിർ നൽകുമ്പോൾ, ഗുജറാത്തിന് 1,63,500 വയലുകളും, ഉത്തർപ്രദേശിന് 1,22,800 വയലുകളും മധ്യപ്രദേശിന് 92,400 വയലുകളും, ദില്ലിയ്ക്ക് 61,900 ഡോസുകളും നൽകും.
എന്താണ് റെംഡിസിവിർ?
ഓക്സിജൻ സപ്പോർട്ടോടു കൂടി ചികിത്സ അത്യാവശ്യമായ രോഗികൾക്ക് നൽകുന്ന മരുന്നാണ് റെംഡിസിവിർ. മരുന്നിന്‍റെ ആവശ്യകത രാജ്യത്ത് കുത്തനെ കൂടിയതോടെ, റെംഡിസിവിറിന്‍റെ കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളോട് ഈ ജീവൻരക്ഷാമരുന്ന് വളരെ കരുതലോടെ ഉപയോഗിക്കാനാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. റെംഡിസിവിർ കരിഞ്ചന്തയിൽ വിൽക്കുന്നതും പൂഴ്ത്തിവയ്ക്കുന്നതും കർശനമായി തടയണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിക്കുന്നു.
റെംഡിസിവിറിന്‍റെ കസ്റ്റംസ് തീരുവ കേന്ദ്രസർക്കാർ എടുത്തുകളഞ്ഞിരുന്നു. ഈ മരുന്ന് നിർമാണത്തിനുള്ള അസംസ്കൃതവസ്തുക്കൾക്കും മറ്റ് ചേരുവകൾക്കുമുള്ള തീരുവയും എടുത്തുകളഞ്ഞിട്ടുണ്ട്. റെംഡിസിവിർ നിർമാണത്തിനുപയോഗിക്കുന്ന ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രേഡിയന്‍റ്സ് (APIs), റെംഡിസിവിർ ഇൻഞ്ചക്ഷൻ, ബീറ്റ സൈക്ലോഡെക്സ്ട്രിൻ ഉൾപ്പടെയുള്ളവയുടെ തീരുവയാണ് വേണ്ടെന്ന് വച്ചിരിക്കുന്നത്. ഈ വസ്തുക്കൾക്ക് അടുത്ത ഒക്ടോബർ 31 വരെ ഇറക്കുമതി തീരുവയുണ്ടാവില്ല.
വിവിധ മരുന്നുകമ്പനികളോട് റെംഡിസിവിറിന്‍റെ വില അടിയന്തരമായി കുറയ്ക്കണമെന്നും, വിലവർദ്ധന ഒരു കാരണവശാലും പാടില്ലെന്ന് നിർദേശം നൽകിയതായും നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (NPPA) വ്യക്തമാക്കി.