National herald case : ചോദ്യം ചെയ്യലിനായി സോണിയ നാളെയും ഹാജരാകില്ല; ഇ ഡിക്ക് കത്ത് നൽകി
ആരോഗ്യനില മെച്ചപ്പെടാൻ ആഴ്ചകളെടുക്കുമെന്നാണ് സോണിയ ഗാന്ധി ഇഡിയെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ സമയം നീട്ടി നല്‍കണം എന്നാണ് ആവശ്യം.
ദില്ലി: നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി (Sonia Gandhi) നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകാനാകില്ല. ഈക്കാര്യം അറിയിച്ച് സോണിയ ഗാന്ധി ഇ ഡിക്ക് കത്ത് നൽകി. ആരോഗ്യനില മെച്ചപ്പെടാൻ ആഴ്ചകളെടുക്കുമെന്നാണ് സോണിയ ഗാന്ധി കത്തിലൂടെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടി നല്‍കണം എന്നാണ് ആവശ്യം. അതേസമയം, ചോദ്യം ചെയ്ത് ഭയപ്പെടുത്താനാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേസില്‍ അഞ്ച് ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂർ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുൽ ഇഡി ഓഫീസിൽ നിന്നും മടങ്ങിയത്.
നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർച്ചൻഡെയ്സ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് ഇ ഡി രാഹുലിൽ നിന്നും തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്. അതേസമയം, ഇഡി നടപടിക്കെതിരെ പ്രതിഷേധം തുടരാൻ തന്നെയാണ് കോൺഗ്രസ് തീരുമാനം. ഇന്ന് കേരളത്തിൽ നിന്നടക്കം കൂടുതൽ നേതാക്കളും എംഎൽഎമാരും ദില്ലിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കും.
Also Read: സാമ്പത്തിക ഇടപാടുകളില്‍ കൃത്യമായ രേഖകളുണ്ടോയെന്നതിൽ കോണ്‍ഗ്രസ് നേതാക്കൾക്ക് ആശയക്കുഴപ്പം
ഇഡിയെ ഭയമില്ലെന്ന് രാഹുൽ ഗാന്ധി
എത്ര മണിക്കൂർ ചോദ്യം ചെയ്താലും ഇഡിയെ ഭയക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇഡി ഒന്നുമല്ല. കോൺഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് പോരാട്ടം നടത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പദ്ധതി പിൻവലിക്കും വരെ പോരാട്ടം തുടരും. കോൺഗ്രസ് രാജ്യത്തെ യുവാക്കൾക്ക് ഒപ്പമാണ്. രാജ്യം തൊഴിലിനായി പോരാടുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി തൊഴിലുകൾ ഇല്ലാതാക്കി. യുവാക്കൾക്ക് തൊഴിൽ നൽകുന്നില്ല. അവരെ തെരുവിലിറക്കിയെന്നും രാഹുൽ ആരോപിച്ചു, സൈന്യത്തിൽ ചേരുകയെന്ന യുവാക്കളുടെ പ്രതീക്ഷയും ഈ സർക്കാർ തകർത്തു. റാങ്കുമില്ല, പെൻഷനുമില്ല എന്ന അവസ്ഥയായി. ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നുവെന്നും രാഹുൽ ആരോപിച്ചു. ഇഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
നാഷണൽ ഹെറാൾഡ് കേസിൽ അഞ്ച് ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂർ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുൽ ഇഡി ഓഫീസിൽ നിന്നും മടങ്ങിയത്. ഇനി അടുത്ത ആഴ്ചയെ ചോദ്യം ചെയ്യലുള്ളൂവെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പ്രേരിതമായാണ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും ദില്ലിയിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എ ഐ സി സി ആസ്ഥാനത്ത് പൊലീസ് കയറിയതും വൻ പ്രതിഷേധത്തിന് ഇടയായിരുന്നു. ഇതിനെയെല്ലാം തുടർന്ന് ഇന്ന് രാഹുൽഗാന്ധി എ ഐ സി സി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.