'സുരക്ഷിതമായ ഡിജിറ്റല്‍ ഹാർഡ്‍വെയർ ആർക്കും ഉണ്ടാക്കാൻ കഴിയില്ലെന്ന ധാരണ തെറ്റ്'; രാജീവ് ചന്ദ്രശേഖര്‍

എന്നാൽ ഇന്ത്യയിലെ ഇവിഎമ്മുകള്‍ ബ്ലൂടുത്തോ ഇന്‍റർനെറ്റോ ആയി ബന്ധിപ്പിക്കാനാകാത്തതെന്നും മുന്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി. 

nation that no one can make secure digital hardware is wrong Rajeev Chandrasekhar to Musk

ദില്ലി: സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ പ്രസ്താവന തെറ്റെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സുരക്ഷിതമായ ഡിജിറ്റല്‍ ഹാർഡ്‍വെയർ ആർക്കും ഉണ്ടാക്കാൻ കഴിയില്ലെന്ന ധാരണ തെറ്റാണെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. മസ്ക്കിന്‍റെ വാദം ഇൻറർനെറ്റ് ബന്ധിപ്പിക്കുന്ന ഇവിഎം ഉള്ള അമേരിക്കയില്‍ ബാധകമായിരിക്കും. എന്നാൽ ഇന്ത്യയിലെ ഇവിഎമ്മുകള്‍ ബ്ലൂടുത്തോ ഇന്‍റർനെറ്റോ ആയി ബന്ധിപ്പിക്കാനാകാത്തതെന്നും മുന്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി. 

വോട്ടിങ് യന്ത്രങ്ങള്‍  ഹാക്ക് ചെയ്യാൻ കഴിയുമെന്നും അത് ഉപേക്ഷിക്കണമെന്നുമുള്ള ഇലോണ്‍ മസ്ക്കിന്‍റെ  പ്രസ്താവനയാണ് ചർച്ചയാകുന്നത്. തെരഞ്ഞെടുപ്പിന്‍റെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയരുന്നുവെന്ന് പ്രതികരിച്ച രാഹുല്‍ഗാന്ധി ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ ആർക്കും പരിശോധിക്കാൻ കഴിയാത്ത ബ്ലാക്ക് ബോക്സുകളാണെന്നും കുറ്റപ്പെടുത്തി. 

പ്യൂർട്ടോ റിക്കോയില്‍ പ്രൈമറി തെര‍ഞ്ഞെടുപ്പിനിടെ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ഉണ്ടായെന്ന വിവാദം തുടരുമ്പോഴാണ് ഇവിഎം യന്ത്രങ്ങളെ കുറിച്ച് ഇലോണ്‍ മസ്ക് പ്രതികരിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ മനുഷർക്കോ നിർമിത ബുദ്ധി വഴിയോ ഹാക്ക് ചെയ്യാൻ കഴിയുമെന്നും വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്നും സ്പെസ് എക്സ് മേധാവിയായ ഇലോണ്‍ മസ്ക് പറ‍ഞ്ഞു.  മുൻ അമേരിക്കൻ പ്രസിഡന്‍റ്  ജോണ്‍ എഫ് കെന്നഡിയുടെ അനന്തിരവൻ റോബർട്ട് എഫ് കെന്നഡിയുടെ പ്രതികരണത്തിലായിരുന്നു  മസ്കിന്‍റെ പ്രസ്താവനയെങ്കിലും വിഷയം ചർച്ചയാകുന്നത് ഇന്ത്യയിലാണ്. 

വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയില്‍ നേരത്തെ മുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷം പ്രസ്താവന ഏറ്റെടുക്കുകയാണ്. ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ ആർക്കും പരിശോധിക്കാൻ കഴിയാത്ത ബ്ലാക്ക് ബോക്സുകളെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍ഗാന്ധി  ഭരണഘടന സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തം ഇല്ലാതാകുമ്പോൾ ജനാധിപത്യം വഞ്ചിക്കപ്പെടുമെന്നും പറഞ്ഞു. മഹാരാഷ്ട്രയിലെ ശിവസേന ഷിൻഡെ വിഭാഗം നേതാവ് 48 വോട്ടുകള്‍ക്ക് വിജയിച്ചതിലെ വിവാദം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം. സർവീസ് വോട്ടുകള്‍ ചെയ്യുന്ന ഇവിഎം തുറക്കാൻ കഴിയുന്ന മൊബൈല്‍ ഫോണ്‍ ഷിൻഡെ വിഭാഗം നേതാവിന്‍റെ ബന്ധു ഉപയോഗിച്ചിരുന്നുവെന്ന പൊലീസ് കണ്ടെത്തലി‍ന്റെ റിപ്പോര്‍ട്ടാണ് രാഹുല്‍ ഇതോടൊപ്പം പങ്കുവെച്ചത്.   

 

 

Latest Videos
Follow Us:
Download App:
  • android
  • ios