ക്രിസ്തുമസിന് ജയിൽ കേക്കിന്റെ ബൾക്ക് ഓർഡർ, കണ്ണുവെട്ടിച്ച് എസൻസ് അമിതമായി കഴിച്ച് തടവുകാർക്ക് ദാരുണാന്ത്യം

വയറിളക്കവും ഛർദ്ദിയും രൂക്ഷമായ ശേഷവും കേക്ക് എസൻസ് അമിതമായി കഴിച്ചത് വിശദമാക്കാതെ തടവുകാർ. വിവരം ഡോക്ടർമാർ അറിഞ്ഞത് വീട്ടുകാർ പറഞ്ഞതിന് പിന്നാലെ

mysuru central jail prisoners take cake essence for overdose dies 9January 2025

മൈസൂരു: പൊലീസുകാരുടെ കണ്ണുവെട്ടിച്ച്  കേക്കിൽ ഉപയോഗിക്കുന്ന എസൻസ് അമിതമായി കഴിച്ച മൂന്ന് തടവുകാർക്ക് ദാരുണാന്ത്യം. മൈസൂരു സെൻട്രൽ ജയിലിലാണ് സംഭവം. ജയിലിലെ ബേക്കറി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് തടവുകാരാണ് മരിച്ചത്. 

ഗുണ്ടിൽ പേട്ട് സ്വദേശിയും 36കാരനായ മാദേശ, കൊല്ലഗൽ സ്വദേശിയും 32കാരനുമായ നാഗരാജ, സകലേഷ്പൂർ സ്വദേശിയും 30കാരനുമായ രമേഷ് എന്നിവരാണ് മരിച്ചത്. മൈസൂരു സെൻട്രൽ ജയിലിലെ ബേക്കറിയിൽ ക്രിസ്തുമസിന് ലഭിച്ച ബൾക്ക് ഓർഡർ തയ്യാറാക്കുന്നതിന്റെ ചുമതലയിലുള്ള മൂന്ന് തടവുകാരാണ് മരിച്ചതെന്നാണ് ജയിൽ സൂപ്രണ്ട് ബി എസ് രമേഷ് വിശദമാക്കുന്നത്. 

ഡിസംബർ 26ന് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുന്നതായി ഇവർ പരാതിപ്പെട്ടിരുന്നു. ഇവർക്ക് പ്രാഥമിക ചികിത്സകൾ ജയിലിൽ തന്നെ വച്ച് നൽകിയ ശേഷം കെ ആർ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കേക്ക് എസൻസ് രഹസ്യമായി കഴിച്ച കാര്യം ഇവർ ആരോടും പറഞ്ഞിരുന്നില്ല. ജനുവരി 2ന് ആശുപത്രിയിൽ കാണാനെത്തിയ കുടുംബാംഗങ്ങളോടാണ് ഇവർ കേക്ക് എസൻസ് അമിത അളവിൽ കഴിച്ച കാര്യം വിശദമാക്കിയത്. ഇതിന് പിന്നാലെ ഇവരുടെ ചികിത്സയിൽ മാറ്റം വരുത്തിയെങ്കിലും രോഗാവസ്ഥ മൂർച്ഛിക്കുകയായിരുന്നു. തിങ്കളാഴ്ച മദേശയും ചൊവ്വാഴ്ച നാഗരാജയും രമേശ് ബുധനാഴ്ചയുമാണ് മരിച്ചത്. 

സംഭവത്തിൽ മണ്ഡി പൊലീസ് കേസ് എടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വീട്ടുകാർക്ക് വിട്ടുനൽകുമെന്ന് പൊലീസ് വിശദമാക്കി. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. വിവിധ കേസുകളിലായി ജീവപര്യന്തം ശിക്ഷ ലഭിച്ച കുറ്റവാളികളാണ് മാദേശയും നാഗരാജയും. അതേസമയം പീഡനക്കേസിൽ 10 വർഷത്തെ തടവ് ശിക്ഷയാണ് രമേഷിന് ലഭിച്ചിരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios