"എന്‍റെ മുഖമിന്ന് ഇങ്ങനെയാണ്, അവർ ഞങ്ങളെ കൊല്ലാൻ പോവുകയാണെന്ന് കരുതി": ഭീതി മാറാതെ സ്പാനിഷ് വ്ലോഗർ
ബൈക്കിലെ ലോകസഞ്ചാരത്തിന്‍റെ ഭാഗമായി ഭർത്താവുമൊത്ത് ഇന്ത്യയിലെത്തിയ വ്ലോഗറാണ് കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത്.
റാഞ്ചി: "എന്‍റെ മുഖം ഇന്ന് ഇങ്ങനെയാണ്. പക്ഷേ എന്നെ ഏറ്റവും വേദനിപ്പിക്കുന്നത് ഇതൊന്നുമല്ല. അവർ ഞങ്ങളെ കൊല്ലാൻ പോവുകയാണെന്ന് ഞാൻ കരുതി. ദൈവത്തിന് നന്ദി ഞങ്ങൾ ജീവിച്ചിരിപ്പുണ്ട്"- തന്‍റെ മുഖത്തെ ചതവുകള്‍ ചൂണ്ടിക്കാട്ടി സ്പാനിഷ് വ്ലോഗർ പറഞ്ഞതാണിത്. ബൈക്കിലെ ലോകസഞ്ചാരത്തിന്‍റെ ഭാഗമായി ഭർത്താവുമൊത്ത് ഇന്ത്യയിലെത്തിയ യുവതി ജാർഖണ്ഡില്‍ വെച്ചാണ് കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത്.
ബൈക്കിൽ പോകവേ അക്രമി സംഘം തടഞ്ഞുനിർത്തി ഭർത്താവിനെ കെട്ടിയിട്ട ശേഷം തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് വ്ലോഗർ പറഞ്ഞു. ഏഴ് പേർ ചേർന്നാണ് യുവതിയെ ആക്രമിച്ചത്. ഇവരിൽ നാല് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ജാർഖണ്ഡ് ഡിജിപി അജയ് കുമാർ സിംഗ് പറഞ്ഞു. 28 കാരിയായ വ്ലോഗർ കഴിഞ്ഞ അഞ്ച് വർഷമായി ലോകസഞ്ചാരത്തിലാണ്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ഹിന്ദിയും ഇംഗ്ലീഷും അറിയാത്ത ദമ്പതികളെ ആക്രമിക്കപ്പെട്ട നിലയിൽ പട്രോളിംഗ് സംഘം കണ്ടത്. ഒറ്റനോട്ടത്തിൽ തന്നെ അവർക്ക് എന്തോ സംഭവിച്ചെന്ന് മനസ്സിലായെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അവരുടെ ഭാഷ പൊലീസിനോ പൊലീസ് പറയുന്നത് അവർക്കോ മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഉടനെ ദമ്പതികളെ പൊലീസ് ആശുപത്രിയിലെത്തിച്ചു.
"ഞങ്ങള്‍ക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നു. ഏഴ് പേർ എന്നെ ബലാത്സംഗം ചെയ്തു. അവർ ഞങ്ങളെ മർദിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ഇത് സംഭവിച്ചത് ഇന്ത്യയിലാണ്. ഞങ്ങളിപ്പോള്‍ പൊലീസിനൊപ്പം ആശുപത്രിയിലാണ്"- ഇൻസ്റ്റഗ്രാമിൽ യുവതി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം