കൊവിഡ് പരിശോധനകൾ വർദ്ധിപ്പിക്കണം; ഗുജറാത്തിനോട് പ്രധാനമന്ത്രിയുടെ നിർദ്ദേശം
ബീഹാർ, ഗുജറാത്ത്, പശ്ചിമബംഗാൾ, യുപി, തെലങ്കാന എന്നിവയാണ്ഈ സംസ്ഥാനങ്ങൾ. കൊവിഡ് അവലോകന യോഗത്തിലാണ് ഈ നിർദ്ദേശം ഉയർന്നു വന്നതെന്നും മോദി പറഞ്ഞു.
ഗുജറാത്ത്: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ വർദ്ധിപ്പിക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മോദി ഇപ്രകാരം ആവശ്യപ്പെട്ടത്. പരിശോധന നിരക്ക് കുറവുള്ളതും രോഗബാധ നിരക്ക് കൂടിയതുമായ സംസ്ഥാനങ്ങളിൽ പരിശോധന വർദ്ധിപ്പിക്കേണ്ടതുണ്ട്. ബീഹാർ, ഗുജറാത്ത്, പശ്ചിമബംഗാൾ, യുപി, തെലങ്കാന എന്നിവയാണ്ഈ സംസ്ഥാനങ്ങൾ. കൊവിഡ് അവലോകന യോഗത്തിലാണ് ഈ നിർദ്ദേശം ഉയർന്നു വന്നതെന്നും മോദി പറഞ്ഞു.
ഗുജറാത്തിൽ ഉയർന്ന രീതിയിൽ കൊവിഡ് പരിശോധനകൾ നടക്കുന്നുണ്ടെന്നും ഓരോ ജില്ലയിലും പ്രധാനപ്പെട്ട നഗരങ്ങളിലും ദ്രുത ആന്റിജൻ ടെസ്റ്റുകളും നടത്തുന്നുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. കൂടാതെ 47000 കിടക്കകളും 2300 വെന്റിലേറ്ററുകളും സംസ്ഥാനത്ത് സജ്ജമാണ്. 76 ശതമാനത്തിലധികം രോഗികൾ ഗുജറാത്തിൽ രോഗമുക്തി നേടുന്നുണ്ട്. നിലവിൽ 14000ത്തിലധികം രോഗികളാണ് സംസ്ഥാനത്തുള്ളത്. 55000 കേസുകളാണ് ഇതുവരെ ഡിസ്ചാർജ് ചെയ്തതെന്നും രൂപാണി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ മരണനിരക്ക് 7.8 ശതമാനത്തിൽ നിന്ന് 2.1 ശതമാനത്തിലേക്ക് കുറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രി മോദിയുടെ മാർഗനിർദ്ദേശങ്ങളിലൂടെ രാജ്യം മഹാമാരിയെ പരാജയപ്പെടുത്തുമെന്നും വിജയ് രൂപാണി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഓഗസ്റ്റ് 11 വരെ ഗുജറാത്തിൽ 73238 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.