താജ് ഹോട്ടലിൽ 2 എർട്ടിഗ കാർ, രണ്ടിനും ഒരേ നമ്പർ; തടഞ്ഞ് സെക്യൂരിറ്റി, പൊലീസെത്തിയപ്പോൾ കള്ളി പൊളിഞ്ഞു, നടപടി

ടാക്സി രജിസ്ട്രേഷനുള്ള രണ്ട് കാറുകളുടേയും നമ്പർ ഒന്നാണെന്ന് കണ്ടെത്തിയതോടെയാണ് താജ് ഹോട്ടലിൽ സുരക്ഷാ ഭീതിയുണ്ടായത്.  2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം താജ്മഹൽ ഹോട്ടൽ അതീവ സുരക്ഷാ ഏരിയ ആണ്.

mumbai Taj Security Alert About two Cars With Same Number Leads To Bizzare Loan Tale

മുംബൈ: താജ് ഹോട്ടലിൽ ഒരേ സമയത്തെത്തിയ വെള്ള നിറത്തിലുള്ള മാരുതി എർട്ടിഗ കാർ, രണ്ട് വാഹനത്തിനും ഒരേ നമ്പർ. സുരക്ഷാ ഭീഷണിൽ ഹോട്ടൽ സെക്യൂരിറ്റി രണ്ട് വാഹനങ്ങളും തടഞ്ഞ് വിവരം പൊലീസിലറിയിച്ചു. അതേസമയം ഒരു കാറിന്‍റെ ഡ്രൈവർ ഓടി രക്ഷപ്പെടുകയും ചെയ്തു. പൊലീസെത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് കൊണ്ടുപോയിനടത്തിയ അന്വേഷണത്തിൽ വെളിച്ചത്തായത്  ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ചലാൻ ഒഴിവാക്കാനായി ഒരു കാറുടമ ചെയ്ത കുബുദ്ധി. 

തട്ടിപ്പ് നടത്തിയ വാഹനത്തിന്‍റെ നമ്പർ MH01EE2383  ആണ്. അലിയുടെ കാറിന്‍റെ രജിസ്‌ട്രേഷൻ നമ്പർ MH01EE2388 എന്നതാണ്. ഈ നമ്പരാണ് വ്യാജൻ തന്‍റെ കാറിൽ ഉപയോഗിച്ചത്. ഇഎംഐ മുടങ്ങിയതോടെ ലോൺ റിക്കവറി ഏജന്‍റുമാരിൽ നിന്നും ട്രാഫിക് ഫൈനിൽ നിന്നും രക്ഷപ്പെടാനുമാണ് രജിസ്ട്രേഷൻ മാറ്റി കാറുടമ ഈ തട്ടിപ്പ് നടത്തയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ വ്യാജ നമ്പർപ്ലേറ്റ് വെച്ച കാറിന്‍റെ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.

ഇന്ന് രാവിലെയാണ് മുംബൈയിലെ താജ് ഹോട്ടലിൽ സുരക്ഷാ ഭീഷണിയുയർത്തി വ്യാജ നമ്പർ പ്ലേറ്റുള്ള രണ്ട് എർട്ടിഗ കാറുകളെത്തിയത്. ടാക്സി രജിസ്ട്രേഷനുള്ള രണ്ട് കാറുകളുടേയും നമ്പർ ഒന്നാണെന്ന് കണ്ടെത്തിയതോടെയാണ് താജ് ഹോട്ടലിൽ സുരക്ഷാ ഭീതിയുണ്ടായത്.  2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം താജ്മഹൽ ഹോട്ടൽ അതീവ സുരക്ഷാ ഏരിയ ആണ്. അതുകൊണ്ടുതന്നെ ഉടനെ തന്നെ സുരക്ഷാ ജീവനക്കാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി കാറും ഡ്രൈവർമാരെയും കസ്റ്റഡിയിലെടുത്തു. സാക്കിർ അലി എന്നയാളുടെ പേരിലുള്ള എർട്ടിക കാറിന്‍റെ നമ്പരാണ് തട്ടിപ്പുകാരനും ഉപയോഗിച്ചിരുന്നത്. പൊലീസ് വിളിച്ചതനുസരിച്ച് സാക്കിർ അലി സ്റ്റേഷനിലെത്തിയപ്പോഴാണ് കഥ മാറിയത്. തനിക്ക് നിരന്തരം ട്രാഫിക് നിയമലംഘനത്തിന് ചലാൻ വന്നിരുന്നതായും എന്നാൽ നോട്ടീസിൽ പറയുന്ന സ്ഥലങ്ങളിലൊന്നും ആ സമയത്ത് താൻ പോയിട്ടില്ലെന്നും സാക്കിർ പൊലീസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ട്രാഫിക് നിയമലംഘനം നടത്തിയത് വ്യാജ നമ്പർ വെച്ച എർട്ടിഗ കാറാണെന്ന് കണ്ടെത്തി.

കഴിഞ്ഞ ആറ് മാസമായി തനിക്ക് ആഴ്ചയിൽ രണ്ട് ചലാൻ എന്ന കണക്കിന് നിയമലംഘനത്തിന് പിഴയടക്കാൻ നോട്ടീസ് എത്തിയിരുന്നതായി  സാക്കിർ അലി പറഞ്ഞു. ട്രാഫിക് സിഗ്നൽ തെറ്റിച്ചതിനും ടോൾ നൽകാത്തതിനുമടക്കം നോട്ടീസ് വന്നു. പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും സാക്കിർ അലി പറഞ്ഞു. അതേസമയം വ്യാജ നമ്പർ ഉപയോഗിച്ച കാറിന്‍റെ ഉടമക്കെതിരെ കേസെടുത്തതായും ഓടി രക്ഷപ്പെട്ട ഡ്രൈവറെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി. 

Read More : ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാന്മാർക്ക് വീരമൃത്യു, സ്ഫോടനത്തിൽ സൈനിക വാഹനം പൊട്ടിച്ചിതറി

Latest Videos
Follow Us:
Download App:
  • android
  • ios