മുംബൈ ചേരികളില്‍ 57 ശതമാനം പേര്‍ക്കും കൊവിഡ് ബാധിച്ചെന്ന് റിപ്പോര്‍ട്ട്

സ്ത്രീകളിലാണ് ആന്റിബോഡി സാന്നിധ്യം കൂടുതല്‍ കണ്ടെത്തിയതെന്നും പഠനം പറയുന്നു. കൂടുതല്‍ പേര്‍ക്കും ലക്ഷണങ്ങളൊന്നുമില്ലാതെയാണ് രോഗം വന്നത്. മരണ നിരക്ക് 0.05-0.10 ശതമാനം വരെയായിരുന്നു.
 

Mumbai Survey Finds 57% Have Had COVID-19 In Slums

മുംബൈ: മുംബൈയിലെ ചേരികളില്‍ 57 ശതമാനം പേര്‍ക്കും കൊവിഡ് ബാധിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ട്. മുംബൈയിലാകെ 16 ശതമാനമാളുകള്‍ക്കും കൊവിഡ് ബാധിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈയിലെ 7000 പേരെ ഉള്‍പ്പെടുത്തി നടത്തിയ സെറോളജിക്കല്‍ സര്‍വൈലന്‍സ് സര്‍വേയിലാണ് നഗരത്തിലെ കൊവിഡ് വ്യാപനത്തിന്റെ തോത് വ്യക്തമാകുന്നത്. പൊതു കക്കൂസുകള്‍ ഉപയോഗിക്കുന്നതും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതുമാണ് ചേരികളില്‍ ആളുകള്‍ക്ക് രോഗം ബാധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ഈ മാസത്തെ ആദ്യത്തെ രണ്ടാഴ്ചയിലാണ് റാന്‍ഡം പരിശോധനയിലൂടെ സെറോളജിക്കല്‍ സര്‍വൈലന്‍സ് സ്റ്റഡി നടത്തിയത്. ആന്റി ബോഡീസ് ടെസ്റ്റിലൂടെയാണ് ഇത്രയും പേര്‍ക്ക് രോഗം വന്നിരിക്കാമെന്ന് കണ്ടെത്തിയത്. നിതി ആയോഗ്, മുംബൈ കോര്‍പ്പറേഷന്‍,ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് എന്നിവയുമായി സഹകരിച്ചായിരുന്നു പഠനം. സ്ത്രീകളിലാണ് ആന്റിബോഡി സാന്നിധ്യം കൂടുതല്‍ കണ്ടെത്തിയതെന്നും പഠനം പറയുന്നു. കൂടുതല്‍ പേര്‍ക്കും ലക്ഷണങ്ങളൊന്നുമില്ലാതെയാണ് രോഗം വന്നത്. മരണ നിരക്ക് 0.05-0.10 ശതമാനം വരെയായിരുന്നു. 

കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച നഗരമാണ് മുംബൈ. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്നലെയാണ് ഏറ്റവും കുറവ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത്(717). മുംബൈയില്‍ ഇതുവരെ 1.10 ലക്ഷം ആളുകള്‍ക്ക് കൊവിഡ് ബാധിക്കുകയും 6184 പേര്‍ മരിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ദില്ലിയില്‍ 23.48 ശതമാനം ആളുകള്‍ക്കും കൊവിഡ് ബാധിച്ചിരിക്കാമെന്ന് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. വലിയ വിഭാഗം ആളുകള്‍ക്ക് ലക്ഷണങ്ങളില്ലാതെ രോഗം വരുന്നതിനാലാണ് രോഗ വ്യാപനം വര്‍ധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios