'ഇത് ദുരിത കാലം, നമ്മള്‍ ഒന്നിച്ചു നിൽക്കേണ്ട സമയം'; ആരോഗ്യപ്രവർത്തകരെ കാണാൻ നഴ്സിന്റെ വേഷത്തിൽ എത്തി മേയർ !
മുംബൈയിലെ മേയർ കിഷോരി പേഡ്നേകർ ആണ് വ്യത്യസ്ഥമായ രീതിയിൽ ആശുപത്രിയിലെത്തിയത്.
മുംബൈ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ യോദ്ധാക്കളെ പോലെ മുന്നിൽ നിന്ന് പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് ഊർജം പകരാൻ നഴ്സിന്റെ വേഷത്തിൽ ആശുപത്രിയിലെത്തി മേയർ. മുംബൈയിലെ മേയർ കിഷോരി പേഡ്നേകർ ആണ് വ്യത്യസ്ഥമായ രീതിയിൽ ആശുപത്രിയിലെത്തിയത്.
തിങ്കളാഴ്ച രാവിലെ ബിവൈഎൽ നായർ ആശുപത്രിയിലാണ് നഴ്സ് കൂടിയായ കിഷോരി എത്തിയത്. പിന്നാലെ ആരോഗ്യ പ്രവർത്തകർ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോ എന്ന് ആരാഞ്ഞു. ആശുപത്രിയിലെ സ്ഥിതിഗതികളും മേയർ വിലയിരുത്തി.
"ഞാൻ ഒരു നഴ്സായിരുന്നു. ഈ ജോലിയിലെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് എനിക്കറിയാം. ഞാനും അവരിൽ ഒരാളാണെന്ന് പറയാനാണ് ഞാൻ നഴ്സിന്റെ യൂണിഫോം ധരിച്ചെത്തിയത്. പകർച്ചവ്യാധിക്കെതിരായ അവരുടെ ധീരമായ പോരാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഞാൻ നഴ്സിംഗ് സ്റ്റാഫുകളുമായി സംസാരിച്ചു. ഇത് ദുരിത കാലമാണ്. നമ്മളെല്ലാം ഒന്നിച്ചു നിൽക്കേണ്ട സമയമാണ്,“ കിഷോരി പേഡ്നേകർ പറഞ്ഞു.
രണ്ടാഴ്ച മുൻപ് മേയറുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരു മാധ്യമ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ കിഷോരി സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.