മഴക്കെടുതി വിലയിരുത്താനെത്തിയ മന്ത്രി പൊന്മുടിക്ക് നേരെ ചെളിയേറ്; പരിഗണന ചെന്നൈയ്ക്ക് മാത്രമെന്ന് പരാതി
നാശനഷ്ടങ്ങൾ വിലയിരുത്താനായി എത്തിയ മന്ത്രി കാറിൽ നിന്ന് ഇറങ്ങിയില്ലെന്നാണ് നാട്ടുകാരുടെ പരാതി
ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിക്ക് നേരെ ചെളിയെറിഞ്ഞ് പ്രതിഷേധം. വിഴുപ്പുറത്ത് മന്ത്രി കെ പൊന്മുടിക്ക് നേരെയാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായത്. തിരുച്ചിറപ്പള്ളി - ചെന്നൈ ദേശീയ പാതയിലാണ് സംഭവം നടന്നത്.
നാശനഷ്ടങ്ങൾ വിലയിരുത്താനായി എത്തിയ മന്ത്രി കാറിൽ നിന്ന് ഇറങ്ങിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാറിൽ നിന്ന് പുറത്തിറങ്ങാതെ നാട്ടുകാരോട് മഴക്കെടുതിയെ കുറിച്ച് ചോദിച്ചത് ജനങ്ങളെ പ്രകോപിപ്പിച്ചു. മകനും കളക്ടറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സർക്കാർ ചെന്നൈയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും മറ്റ് ജില്ലകളെ അവഗണിക്കുകയാണെന്നും ജനങ്ങൾ കുറ്റപ്പെടുത്തി. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ വലിയ നാശനഷ്ടമാണ് വിഴുപ്പുറത്തുണ്ടായത്. ജില്ലയിൽ 51 സെന്‍റീമീറ്റർ വരെ മഴ പെയ്ത പ്രദേശങ്ങളുണ്ട്. വീടുകളും കടകളും വെള്ളത്തിൽ മുങ്ങി. കാർഷിക മേഖലയിൽ അതിരൂക്ഷമായ നാശനഷ്ടമുണ്ടായി. തമിഴ്‌നാട് സർക്കാർ ദുരിതാശ്വാസ നടപടികൾ തുടങ്ങിയിട്ടുണ്ട്.
പൊന്മുടിക്ക് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ ഡിഎംകെക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെ കുറിച്ച് ഡിഎംകെയ്ക്കുള്ള ഓർമ്മപ്പെടുത്തലാണ് ഈ സംഭവമെന്ന് ബിജെപി നേതാവ് അണ്ണാമലൈ പറഞ്ഞു. ചെന്നൈയ്ക്കപ്പുറമുള്ള ജില്ലകളിലെ മഴക്കെടുതി സർക്കാർ അവഗണിക്കുകയാണെന്നും അണ്ണാമലൈ വിമർശിച്ചു.
തമിഴ്നാട്ടിൽ വലിയ നാശമാണ് ഫിൻജാൽ ചുഴലിക്കാറ്റ് സൃഷ്ടിച്ചത്. മഴക്കെടുതിയിൽ 12 പേർ മരിക്കുകയും 2,400 ലധികം കുടിലുകളും 721 വീടുകളും നശിക്കുകയും ചെയ്തു. ഇതോടൊപ്പം 2.11 ലക്ഷം ഹെക്റ്റർ കാർഷിക ഭൂമിയും വെള്ളത്തിൽ മുങ്ങി. 9,500 കിലോമീറ്റർ റോഡുകൾ, 1,847 പാലങ്ങൾ, 417 ടാങ്കുകൾ, 1,649 കിലോമീറ്റർ വൈദ്യുതി കേബിളുകൾ, 23,664 വൈദ്യുതി പോസ്റ്റുകൾ, 997 ട്രാൻസ്ഫോർമറുകൾ, 4,200 അങ്കണവാടി കേന്ദ്രങ്ങൾ, 205 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, 5,936 സ്കൂൾ കെട്ടിടങ്ങൾ, 381 കമ്യൂണിറ്റി ഹാളുകൾ, 623 വെള്ളവിതരണ പദ്ധതികൾ തുടങ്ങിയവയെല്ലാം നശിച്ചതായാണ് കണക്ക്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം