അപ്രതീക്ഷിതം! ഞെട്ടിച്ച് ബിജെപി, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്നേ 2 സംസ്ഥാനത്ത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരും മറ്റ് മുതിർന്ന നേതാക്കളടക്കം പങ്കെടുത്ത ബി ജെ പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് രണ്ട് സംസ്ഥാനങ്ങളിലെയും ആദ്യ ഘട്ട സ്ഥനാർത്ഥി പട്ടിക അംഗീകരിച്ചത്
ദില്ലി: ഈ വർഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ട് ബി ജെ പി. മധ്യപ്രദേശിൽ 39 അംഗ പട്ടിക പുറത്തുവിട്ടപ്പോൾ ഛത്തീസ്ഗഢിൽ 21 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തിലുള്ളത്. സാധാരണ ഗതിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ബി ജെ പി സ്ഥാനാർഥിപ്പട്ടിക പുറത്തുവിടാറുള്ളതെങ്കിൽ ഇക്കുറി, അപ്രതീക്ഷിത നീക്കത്തിലൂടെ എതിരാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്നേ ബി ജെ പി സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടിരിക്കുന്നത്. മധ്യപ്രദേശിൽ ഭരണത്തുടർച്ചയും ഛത്തീസ്ഗഢിൽ ഭരണം തിരിച്ചുപിടിക്കലും ലക്ഷ്യമിട്ട് ഒരുങ്ങിതന്നെയാണ് ബി ജെ പി കളത്തിലെത്തുന്നത് എന്ന പ്രഖ്യാപനം കൂടിയാണ് നേതൃത്വം നടത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരും മറ്റ് മുതിർന്ന നേതാക്കളടക്കം പങ്കെടുത്ത ബി ജെ പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് രണ്ട് സംസ്ഥാനങ്ങളിലെയും ആദ്യ ഘട്ട സ്ഥനാർത്ഥി പട്ടിക അംഗീകരിച്ചത്. മധ്യപ്രദേശിലെ 230 സീറ്റുകളിൽ 39 എണ്ണത്തിലെ സ്ഥാനാർത്ഥികളെയാണ് ബി ജെ പി പ്രഖ്യാപിച്ചത്. ചത്തീസ്ഗഢിലാകട്ടെ 90 നിയമസഭാ സീറ്റുകളിൽ 21 ഇടത്തെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിനെതിരെ എം പിയായ വിജയ് ബാഗേലാകും മത്സരിക്കുക. ചത്തീസ്ഗഢിലെ പട്ടികയിൽ 5 സ്ത്രീകളും ഇടംപിടിച്ചിട്ടുണ്ട്. വിജയ് ബാഗേൽ, ഭുലൻ സിംഗ് മറാവി, ലക്ഷ്മി രാജ്‌വാഡെ, ശകുന്തള സിംഗ് പോർഥെ (എസ് ടി), പ്രബോജ് ഭിഞ്ച് ലുന്ദ്ര (എസ് ടി), സരള കൊസാരിയ സറൈപാലിൽ (എസ് സി), അൽക്ക ചന്ദ്രകർ ഖല്ലാരി, രോഹിത് സാഹു, ഗീതാ ഘാസി സാഹു, മണിറാം കശ്യപ് (എസ് ടി) എന്നിവരാണ് ചത്തീസ്ഗഢിലെ ആദ്യഘട്ടത്തിലെ പ്രമുഖർ.
അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഇതിൽ മധ്യപ്രദേശിൽ മാത്രമാണ് ബി ജെ പി അധികാരത്തിലുള്ളത്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും അധികാരം തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി ജെ പി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം