കുട്ടികളുടെ വഴക്ക് അമ്മമാർ ഏറ്റെടുത്തു, പൊതിരെ തല്ല്; വീഡിയോ എടുത്തവർക്കും അടി, നടപടിയെടുക്കുമെന്ന് പൊലീസ്
കുട്ടികളുടെ തർക്കത്തിനും അടിപിടിക്കുമിടയിൽ ഒരു കുട്ടി വീട്ടിൽ പോയി അമ്മയെ വിളിച്ചുകൊണ്ടു വരികയായിരുന്നു. ഈ സ്ത്രീയാണ് അടിച്ചത്.
നോയിഡ: അപ്പാർട്ട്മെന്റിന് മുന്നിൽ രണ്ട് കുട്ടികൾ തമ്മിലുണ്ടായ തർക്കവും അടിപിടിയും അമ്മമാർ ഏറ്റെടുത്ത് കൂട്ടത്തല്ലായി മാറി. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. കണ്ടുകൊണ്ടു നിന്നവർക്കും സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയവർക്കുമെല്ലാം തല്ലു കിട്ടി. നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കുട്ടികൾ തമ്മിലുള്ള അടിപിടിക്കൊടുവിൽ ഒരു കുട്ടി തന്റെ അമ്മയെ വിളിക്കുകയായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങി വന്ന അമ്മ തന്റെ മകനുമായി അടിയുണ്ടാക്കിയ ആറ് വയസുള്ള മറ്റൊരു കുട്ടിയെ അടിച്ചു. മുഖത്തുള്ള ശക്തമായ അടിയിൽ കുട്ടിയുടെ കവിളിൽ പാടുകളുണ്ടായി. ഇതിന് പിന്നാലെ അടി കിട്ടിയ കുട്ടിയുടെ അമ്മയും മറ്റ് വീടുകളിലെ ചില സ്ത്രീകളും പുറത്തുവന്നു. ഇവരെല്ലാവരും കൂടിച്ചേർന്ന് നേരത്തെ തല്ലിയ സ്ത്രീയെ ചോദ്യം ചെയ്തു. ഇതിനിടെയാണ് കുട്ടിയെ ഇനിയും തല്ലുമെന്ന് സ്ത്രീ ഭീഷണി മുഴക്കിയത്.
കുട്ടിയെ കാണുമ്പോഴൊക്കെ താൻ തല്ലുമെന്ന് സ്ത്രീ പറയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്തിനാണ് കുട്ടിയെ തല്ലിയതെന്ന് പറയണമെന്ന് ആവശ്യപ്പെട്ട് മറ്റ് സ്ത്രീകൾ ഇവരെ ചോദ്യം ചെയ്യുന്നതും കേൾക്കാം. ഇതിനൊടുവിൽ വീഡിയോ ചിത്രീകരിക്കുന്ന സ്ത്രീയെയും ഇവർ അടിക്കുന്നുണ്ട്. അടിയേറ്റ് ഫോൺ നിലത്തു വീഴുകയും ചെയ്തു.
മറ്റൊരു വീഡിയോയിൽ ദൃശ്യങ്ങൾ പകർത്തുന്നയാളോട് ഇതേ സ്ത്രീ കയർത്ത് സംസാരിക്കുന്നതും കാണാം. ഇതിനിടെ മറ്റ് സ്ത്രീകൾ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. അതേസമയം അടിയേറ്റ കുട്ടിയുടെ പിതാവ് സ്ത്രീയ്ക്കെതിരെ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ നടപടിയെടുക്കുമെന്ന് സെൻട്രൽ നോയിഡ ഡിസിപി വീഡിയോയ്ക്ക് താഴെ മറുപടി നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം