ഓട്ടിസം ബാധിച്ച മൂന്നര വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം അമ്മ കീഴടങ്ങി: മകളുടെ ഭാവിയിൽ ആശങ്കയെന്ന് മൊഴി
ഇത്തരമൊരു ആരോഗ്യസ്ഥിതിയിൽ മകൾ എങ്ങനെ വളരുമെന്നും അവളുടെ ഭാവി എന്തായിരിക്കുമെന്നും ആലോചിച്ച് താൻ ആശങ്കപ്പെട്ടിരുന്നുവെന്നും അതിനൊടുവിലാണ് കുട്ടിയെ കൊല്ലാൻ തീരുമാനിച്ചതെന്നും ചോദ്യം ചെയ്യലിൽ യുവതി പൊലീസിനോട് പറഞ്ഞു
ബെംഗളൂരു: ഓട്ടിസം ബാധിതയായ മൂന്നര വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം അമ്മ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ബെംഗളൂരുവിലാണ് സംഭവം. 35 വയസുകാരിയായ യുവതിയാണ് മകളെ കൊന്നെന്ന് അവകാശപ്പെട്ട് സുബ്രമണ്യ നഗർ പൊലീസ് സ്റ്റേഷനിലെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
യുവതിക്ക് ഇരട്ടി പെൺകുട്ടികളാണ്. ഇരുവരും ഓട്ടിസം ബാധിതരുമാണ്. കുട്ടികളിലൊരാൾക്ക് ചെറിയ തോതിലുള്ള ഓട്ടിസം ലക്ഷണങ്ങളുള്ളപ്പോൾ മറ്റൊരാൾക്ക് ഗുരുതരമായ തരത്തിൽ തന്നെ ഓട്ടിസം ബാധയുണ്ട്. ഈ കുട്ടിയെയാണ് യുവതി ശ്വാസം മുട്ടിച്ച് കൊന്നത്. മകളുടെ ഭാവിയിൽ തനിക്ക് ആശങ്കയുണ്ടായിരുന്നെന്നും അതുകൊണ്ടാണ് കൊലപാതകം നടത്തിയെന്നും യുവതി പൊലീസിന് മൊഴി നൽകി. കൊലപാതകത്തിന് ശേഷം സുബ്രമണ്യ നഗർ പൊലീസ് സ്റ്റേഷനിലെത്തി അവിടെ കീഴടങ്ങുകയായിരുന്നു.
ഇത്തരമൊരു ആരോഗ്യസ്ഥിതിയിൽ മകൾ എങ്ങനെ വളരുമെന്നും അവളുടെ ഭാവി എന്തായിരിക്കുമെന്നും ആലോചിച്ച് താൻ ആശങ്കപ്പെട്ടിരുന്നുവെന്നും അതിനൊടുവിലാണ് കുട്ടിയെ കൊല്ലാൻ തീരുമാനിച്ചതെന്നും ചോദ്യം ചെയ്യലിൽ യുവതി പൊലീസിനോട് പറഞ്ഞു. 'കഴിഞ്ഞ കുറേ നാളുകളായി താൻ മാനസിക സമ്മർദത്തിലായിരുന്നു. അതിനൊടുവിലാണ് കുട്ടിയെ കൊല്ലാൻ തീരുമാനിച്ചതും അത് നടപ്പാക്കിയതും' - യുവതി പറഞ്ഞു.
യുവതിയുടെ പേരിൽ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത് കോടയിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അതേസമയം കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയതായി പൊലീസ് അറിയിച്ചു. യുവതിയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം