രാജ്യത്ത് പ്രതിദിന കൊവിഡ് പരിശോധന ഒരുലക്ഷം പിന്നിട്ടു
രോഗബാധിതർ ഒരു ലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് പരിശോധനയുടെ എണ്ണവും കൂട്ടിയത്.
ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് പരിശോധന ഒരുലക്ഷം പിന്നിട്ടതായി ആരോഗ്യമന്ത്രാലയം. ഇന്നലെ പരിശോധിച്ചത് 1,08,233 സാമ്പിളുകളാണ്. ഇതോടെ ഇതുവരെ 24, 25, 742 സാമ്പിളുകൾ പരിശോധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതർ ഒരു ലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് പരിശോധനയുടെ എണ്ണവും കൂട്ടിയത്. രാജ്യത്ത് 3163 പേരാണ് രോഗബാധ മൂലം മരിച്ചത്. 24 മണിക്കൂറിനിടെ 4520 പുതിയ കേസുകള്‍ സ്ഥിരീകരിക്കുകയും 134 പേര്‍ മരിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് തുടരുകയാണ്. തുടർച്ചയായി മൂന്നാം ദിവസവും 2000 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ 2127 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 37136 ആയി. ഇന്നലെ മാത്രം 76 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണ സംഖ്യയാണിത്. സംസ്ഥാനത്ത് ഇതുവരെ 1325 പേര്‍ മരിച്ചു. 1202 പേർക്കാണ് ഇന്നലെ രോഗം ഭേദമായത്. രോഗം ഭേദമാകുന്നവരുടെ നിരക്ക് 25 % ആയെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. എല്ലാ ആശുപത്രികളിലും കൊവിഡ് ചികിത്സയ്ക്കായ് കൂടുതൽ ബെഡുകൾ മാറ്റി വയ്ക്കുമെന്നും മന്ത്രി പറഞ്ഞു