റഷ്യൻ സൈന്യത്തിലേക്ക് ഒരുവർഷത്തിനിടെ 200 ഇന്ത്യക്കാരെ നിയമിച്ചു -വിദേശകാര്യ മന്ത്രാലയം
യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങൾ തൊഴിൽ പരസ്യത്തിനായി ഉപയോഗിച്ചാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ആൾക്കടത്തിനെതിരെ സംസ്ഥാനങ്ങളും ജാഗ്രത പുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ദില്ലി: യുക്രെയ്ൻ റഷ്യ സംഘർഷത്തെ തുടർന്ന് റഷ്യൻ ആർമിയിലേക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ 200 പേരെയെങ്കിലും ഇന്ത്യയിൽ നിന്ന് നിയമിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വലിയ ശമ്പളം വാഗ്ദാനം ചെയ്ത് കബളിപ്പിക്കുകയാണ് ചെയ്യുന്നത്. യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങൾ തൊഴിൽ പരസ്യത്തിനായി ഉപയോഗിച്ചാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ആൾക്കടത്തിനെതിരെ സംസ്ഥാനങ്ങളും ജാഗ്രത പുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
റഷ്യ യുക്രെയിൻ സംഘർഷത്തിൽ റഷ്യൻ സേനയ്ക്കൊപ്പം പ്രവർത്തിച്ച രണ്ട് ഇന്ത്യക്കാർ കൂടി കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിൽ സഹായികളായി എടുത്ത 2 പേർ നേരത്തെയും കൊല്ലപ്പെട്ടിരുന്നു.
നേരത്തെ, റഷ്യൻ യുദ്ധമേഖലയിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ മൂന്ന് മലയാളികളും പ്രതികളായിരുന്നു. തിരുവനന്തപുരം സ്വദേശികളാണ് മൂന്ന് പേരടക്കം ആകെ 19 പേരെയാണ് സിബിഐ പ്രതിചേർത്തത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അടക്കം ഏഴ് നഗരങ്ങളിൽ ഇന്നലെ സിബിഐ പരിശോധന നടത്തിയിരുന്നു.
Read More.... നീറ്റ് പരീക്ഷാ വിവാദം : ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് റീ ടെസ്റ്റ് ? സാധ്യത പരിശോധിച്ച് സമിതി, റിപ്പോർട്ട് ഉടൻ
ജോലിയുടെ പേരിൽ ആകർഷകമായ ശമ്പളം വാഗ്ദാനം നൽകി റഷ്യൻ യുദ്ധ മേഖലകളിലേക്ക് അടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. തിരുവനന്തപുരത്തിന് പുറമേ ദില്ലി, മുംബൈ, അംബാല, ചണ്ഡീഗഡ്, മധുര, ചെന്നൈ ഉൾപ്പെടെ 13 ഇടങ്ങളിൽപരിശോധന നടന്നു.റെയ്ഡിൽ അൻപത് ലക്ഷം രൂപയും ഇലക്ട്രോണിക്ക് ഉപകരണങ്ങളും പിടികൂടി. വിവിധ വിസ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും ഏജൻ്റുമാർക്കുമെതിരെയാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്.