പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാക്കളെ പിടികൂടി തല്ലിക്കൊന്ന് നാട്ടുകാർ, തടിച്ചുകൂടിയത് 1500ഓളം പേർ
17കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു.
ഷിലോങ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പേരെ മേഘാലയയിൽ നാട്ടുകാർ മർദിച്ചുകൊന്നു. ഈസ്റ്റേണ്‍ വെസ്റ്റ് ഖാസി ഹില്‍സിലെ നോങ്തിലേ ഗ്രാമത്തിലാണ് സംഭവം നടന്നത്. 17കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു.
പ്രദേശത്ത് 1500ഓളം പേര്‍ തടിച്ചുകൂടി ഇരുവരെയും സമീപത്തെ കമ്യൂണിറ്റി ഹാളിലെത്തിച്ച് മർദ്ദിച്ചു. ഇതിനിടെ പൊലീസെത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. പ്രാദേശിക നേതാക്കളുമായി പൊലീസ് ചര്‍ച്ച നടത്തുന്നതിനിടെ, ജനക്കൂട്ടം ഹാളിനകത്തേക്ക് ഇരച്ചുകയറി മർദ്ദിച്ചു. ഇരുവരെയും പുറത്തെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം