ഇന്ത്യ-അമേരിക്ക സൗഹൃദത്തിന് കൂടുതൽ ശക്തി: ട്രംപിന് നന്ദി പറഞ്ഞ് നരേന്ദ്ര മോദി
ഇന്ത്യക്ക് വെന്‍റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: കൊവിഡിനെ ചെറുക്കാൻ ഇന്ത്യക്ക് വെന്‍റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപിന്റെ ട്വീറ്റ്, റീട്വീറ്റ് ചെയ്തുകൊണ്ടാണ് മോദി നന്ദി അറിയിച്ചിരിക്കുന്നത്.
"ഈ മഹാമാരിയെ നാമെല്ലാവരും ഒരുമിച്ച് നിന്ന് നേരിടണം. ഇത്തരം ഘട്ടങ്ങളിൽ ലോകത്തെ കൂടുതൽ ആരോഗ്യമുള്ളതും കൊവിഡ് 19 മുക്തമാക്കാനും രാജ്യങ്ങൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കേണ്ടത് പ്രധാന്യമാണ്. ഇന്ത്യ - അമേരിക്ക സൗഹൃദത്തിന് കൂടുതൽ കരുത്ത്" എന്നാണ് മോദിയുടെ റീട്വീറ്റിൽ കുറിച്ചിരിക്കുന്നത്.
മഹാമാരിയുടെ സമയത്ത് ഇന്ത്യയ്ക്കും നരേന്ദ്ര മോദിക്കും ഒപ്പം നിൽക്കുന്നു എന്ന് ട്രംപ് തന്റെ ട്വീറ്റിൽ കുറിച്ചിരുന്നു. കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വികസനത്തില്‍ ഇന്ത്യയും അമേരിക്കയും പരസ്പരം സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ട്രംപ് പറഞ്ഞു.
'അമേരിക്ക തങ്ങളുടെ സുഹൃത്തായ ഇന്ത്യയ്ക്ക് വെന്റിലേറ്റർ സംഭാവന നൽകുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഈ മഹാമാരിയുടെ സമയത്ത് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമൊപ്പം നിൽക്കുന്നു. വാക്സിന്‍ വികസിപ്പിക്കുന്നതിലും ഞങ്ങൾ പരസ്പരം സഹകരിക്കുന്നുണ്ട്. അദൃശ്യനായ ശത്രുവിനെ നാം ഒരുമിച്ച് നിന്ന് തോൽപിക്കും.' ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഈ വർഷാവസാനത്തോടെ വാക്സിൻ കണ്ടുപിടിക്കാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് പങ്കുവച്ചു. മോദി തനിക്കറ്റവും അടുത്ത സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നു എന്നാണ് ഒരു ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞത്.