ടെസ്റ്റിംഗ് കൂട്ടണം, വീട്ടിൽ ചികിത്സ വേണ്ട: ദില്ലി എൻസിആർ 'ഏറ്റെടുത്ത്' അമിത് ഷാ

നാല് കോടിയോളം പേരാണ് ദില്ലിയുടെ നാഷണൽ ക്യാപിറ്റൽ റീജ്യൺ എന്ന് വിളിക്കപ്പെടുന്ന എൻസിആറിൽ താമസിക്കുന്നത്. ദില്ലിയിലെ കൊവിഡ് കേസുകളുടെ സിംഹഭാഗവും എൻസിആറിൽ നിന്നാണ്. 

more covid 19 tests early hospitalisation amond amit shah advice for ncr

ദില്ലി: ദില്ലി - എൻസിആർ മേഖലയിലെ കൊവിഡ് പ്രതിരോധത്തിന് പ്രത്യേക കർമ്മപദ്ധതി മുന്നോട്ട് വച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെട്ട ദില്ലിയുടെ നഗരപ്രാന്തപ്രദേശമാണ് എൻസിആർ എന്ന നാഷണൽ ക്യാപിറ്റൽ റീജ്യൺ. നാല് കോടിയോളം പേരാണ് ഇവിടെ താമസിക്കുന്നത്. ദില്ലിയിലെ കൊവിഡ് കേസുകളുടെ സിംഹഭാഗവും എൻസിആറിൽ നിന്നാണ്. ഈ സാഹചര്യത്തിലാണ് യുപി, ദില്ലി, ഹരിയാന മുഖ്യമന്ത്രിമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. യുപി, ഹരിയാന സംസ്ഥാനങ്ങളോട് പരിശോധനകൾ കൂട്ടാൻ അമിത് ഷാ നിർദ്ദേശം നൽകി. 

ഇരു സംസ്ഥാനങ്ങൾക്കും ടെസ്റ്റിംഗിനായി കേന്ദ്രം കൂടുതൽ കിറ്റുകൾ നൽകും. രോഗികളെ നേരത്തെ കണ്ടെത്തി ആശുപത്രികളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് അമിത് ഷാ പറഞ്ഞു. മൂന്നു സംസ്ഥാനങ്ങളിലെയും ചെറുകിട ആശുപത്രികൾക്ക് ദില്ലി എംയിസിലെ ഡോക്ടർമാരിൽ നിന്നും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകും. 

എൻസിആർ മേഖലയിൽ നിന്ന് മാത്രം ഒരു ലക്ഷത്തിൽപ്പരം പേരാണ് കൊവിഡ് രോഗബാധിതരായത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം ആറ് ലക്ഷമാണെന്നോർക്കണം. എൻസിആറിൽ നിന്ന് രോഗബാധിതരായവരിൽ 71,000 പേർ രോഗമുക്തരായി. 31,000 പേരാണ് ഇവിടെ നിലവിൽ ചികിത്സയിലുള്ളത്. 

ദില്ലി, ഒപ്പം ഹരിയാനയുടെ ഭാഗമായ എൻസിആർ മേഖലയായ ഗുഡ്ഗാവ്, ഫരീദാബാദ്, ഇവയുടെ അടുത്തുള്ള റോത്തക്ക്, സോണിപത്, ഝാജർ എന്നീ ജില്ലകളിലെയും ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ് നഗറും ഗാസിയാബാദും ഭാഗ്പതും അടക്കമുള്ള ജില്ലകളിലെയും സ്ഥിതിഗതികൾ യോഗത്തിൽ വിലയിരുത്തി. 

ആരോഗ്യസേതു, ഇതിഹാസ് എന്നീ ആപ്ലിക്കേഷനുകൾ വഴി കൊവിഡ് രോഗബാധിതരുടെ സാന്നിധ്യം കണ്ടെത്തി, മരണം പരമാവധി ഒഴിവാക്കാൻ ആശുപത്രികളിൽത്തന്നെ ആവശ്യമുള്ളവരെയെല്ലാം ചികിത്സിക്കണമെന്നും അമിത് ഷാ നിർദേശം നൽകി. യുപിയും ഹരിയാനയും എയിംസിന്‍റെ സഹായത്തോടെ ദില്ലി എൻസിആറിൽ താമസിക്കുന്ന മുതിർന്ന പൗരൻമാർക്ക് ടെലിമെഡിസിൻ വഴി ചികിത്സാനിർദേശങ്ങളെത്തിക്കണമെന്നും യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി. 

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനും യോഗത്തിൽ പങ്കെടുത്തിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും യോഗത്തിൽ പങ്കെടുത്തത് വീഡിയോ കോൺഫറൻസിംഗ് വഴിയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios