തമിഴ്നാട്ടിലും തെലങ്കാനയിലും കൂടുതല്‍ കൊവിഡ് ബാധ, എല്ലാവരും നിസാമുദ്ദീന് പരിപാടിയുമായി ബന്ധപ്പെട്ടവര്‍
ചടങ്ങിൽ പങ്കെടുത്ത രണ്ടായിരത്തിലധികം പേർ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയപ്പോൾ ചെറിയ മുറികളിൽ ആയിരത്തഞ്ഞൂറോളം പേരാണ് തിങ്ങിഞെരുങ്ങി കഴിഞ്ഞത്. 2191 വിദേശികൾ സമ്മേളനത്തിനെത്തി
ചെന്നൈ: നിസാമുദ്ദിനിലെ ചടങ്ങിൽ പങ്കെടുത്ത് തമിഴ്നാട്ടിലേക്കും തെലങ്കാനയിലേക്കും മടങ്ങിയ 65 പേർക്ക് കൂടി കൊവിഡ്. മലേഷ്യയിൽ കൊവിഡ് പടരാൻ ഇടയാക്കിയ സമാന സമ്മേളനത്തിൽ പങ്കെടുത്ത പലരും നിസാമുദ്ദീനിലും എത്തിയിരുന്നു എന്നാണ് വ്യക്തമാകുന്നത്. നിസാമുദ്ദിൻ സംഭവത്തിനു ശേഷവും സമൂഹവ്യാപനസ്ഥിതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കൊവിഡ് പിടിച്ചു നിറുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് നിസാമുദ്ദീനിലെ കാഴ്ചകൾ ഉയർത്തുന്ന ആശങ്ക ചെറുതല്ല. ചടങ്ങിൽ പങ്കെടുത്ത രണ്ടായിരത്തിലധികം പേർ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയപ്പോൾ ചെറിയ മുറികളിൽ ആയിരത്തഞ്ഞൂറോളം പേരാണ് തിങ്ങിഞെരുങ്ങി കഴിഞ്ഞത്. 2191 വിദേശികൾ സമ്മേളനത്തിനെത്തി. ഇതിൽ 824 പേർ വിവിധ സംസ്ഥാനങ്ങളിലേക്ക് പോയി. തമിഴ്നാട്ടിലേക്ക് പോയത് 125 വിദേശികൾ.
തമിഴ്നാട്ടിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 45 പേരും നിസാമുദ്ദിനിൽ നിന്ന് പോയവരാണ്. അഞ്ച് പേർ ഇവരുമായി സമ്പർക്കമുണ്ടായിരുന്നവർ. ആന്ധ്രാപ്രദേശിൽ കൊവിഡ് സ്ഥിരീകരിച്ച 15 പേരും സമ്മേളനത്തിൽ പങ്കെടുത്തവർ തന്നെയാണ്. കേരളം, തമിഴ്നാട്, തെലങ്കാന , ആന്ധ്രപ്രദേശ്, കർണ്ണാടക എന്നീ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് കൂടുതൽ പേർ സമ്മേളനത്തിനു ശേഷം മടങ്ങിയത്.
മഹാരാഷ്ട്ര, ബീഹാർ, അസം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കും ജമ്മുകശ്മീരിലേക്കും ആൻഡമാൻ നിക്കോബാറിലേക്കും പോയവരും ഏറെയുണ്ട്. 15 രാജ്യങ്ങളിലെ പൗരൻമാരെങ്കിലും ഉണ്ടായിരുന്നതായി സ്ഥിരീകരണമുണ്ട്. സമ്മേളനത്തിൽ പങ്കെടുത്ത 10 പേരാണ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച് മരിച്ചത് മുംബൈയിൽ നേരത്തെ മരിച്ച ഫിലിപ്പീൻസ് പൗരനും നിസാമുദ്ദിനിലെ സമ്മേളനത്തിലുണ്ടായിരുന്നു. ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഉൾപ്പടെ നിരീക്ഷണ കേന്ദ്രമാക്കി മാറ്റിയാണ് ദില്ലി സർക്കാർ സ്ഥിതി നേരിടുന്നത്.
മലേഷ്യയിലെ മാർച്ച് ഒന്ന് വരെ നടന്ന സമാന സമ്മേളനത്തിൽ ചൈനയിലേയും തെക്കൻ കൊറിയയിലേയും പൗരൻമാർ ഉണ്ടായിരുന്നു. സമ്മേളനത്തിൽ പങ്കെടുത്തവർ കൊവിഡ് പടർത്തി എന്ന് മലേഷ്യൻ സർക്കാർ തന്നെ ആരോപിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ രണ്ടാഴ്ചയ്ക്കു ശേഷം എന്തിന് സമ്മേളനം നടത്താൻ അനുവദിച്ചു, വിദേശികൾ മറ്റുസംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത് എന്തു കൊണ്ട് അറിഞ്ഞില്ല തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത് .