ഉത്തർപ്രദേശിൽ കൊവിഡ് ടെസ്റ്റ് സാമ്പിളുകളുമായി കുരങ്ങന്മാർ കടന്നുകളഞ്ഞു, കൊറോണാ വ്യാപന ഭീതിയിൽ നാട്ടുകാർ
നഷ്ടപ്പെട്ട സാമ്പിളുകൾക്ക് പകരം രോഗികളിൽ നിന്ന് പുതിയ സാമ്പിളുകൾ ശേഖരിക്കും എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മീററ്റ് : ഉത്തർപ്രദേശിലെ മീററ്റിൽ 19 പേരുടെ ടെസ്റ്റ് സാമ്പിളുകളുമായി പോവുകയായിരുന്ന ഒരു ലാബ് ടെക്‌നീഷ്യനെ ആക്രമിച്ച കുരങ്ങുകളുടെ സംഘം മൂന്നു സാമ്പിളുകളുമായി കടന്നുകളഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം. രോഗബാധയുണ്ട് എന്ന് സംശയിക്കുന്ന മൂന്നുപേരുടെ സാമ്പിളുകളാണ് ഇങ്ങനെ നഷ്ടപ്പെട്ടിരിക്കുന്നത്.
സംഭവം നടന്ന് അല്പനേരത്തിനു ശേഷം സമീപത്തുള്ള ഒരു മരത്തിന്റെ മുകളിലിരുന്ന് സാമ്പിളുകൾ അടങ്ങിയ കണ്ടെയ്നർ വായിലിട്ട് ചവച്ചരക്കുന്ന കുരങ്ങനെ നാട്ടുകാർ കണ്ടെങ്കിലും മരത്തിന്റെ തുഞ്ചത്തായതിനാലും, സംഗതി കൊറോണാ വൈറസ് ആയതിനാലും ആരും അടുക്കാൻ പോയില്ല. താഴെ വീണു പൊട്ടിയ ബാക്കി കിറ്റുകളും അതേ മരത്തിന്റെ ചുവട്ടിൽ നിന്ന് കണ്ടെടുത്തു. പ്രസ്തുതസംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വിഷയത്തിൽ അന്വേഷണം നടത്തും എന്ന് മീററ്റ് ജില്ലാ മജിസ്‌ട്രേറ്റ് മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്ത് കുരങ്ങന്മാരുടെ ശല്യം അതി രൂക്ഷമാണ് എങ്കിലും ഇങ്ങനെ ഒരാക്രമണം കുരങ്ങന്മാരിൽ നിന്നുണ്ടാകും എന്ന് ആരും തന്നെ കരുതിയിരുന്നില്ല. ഇപ്പോൾ ഈ സാംപിളുകൾ വഴി കുരങ്ങന്മാരിലൂടെ രോഗം പടർന്നുപിടിക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. നഷ്ടപ്പെട്ട സാമ്പിളുകൾക്ക് പകരം രോഗികളിൽ നിന്ന് പുതിയ സാമ്പിളുകൾ ശേഖരിക്കും എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.