സിനിമയെ വെല്ലും, പത്തേ 10 മിനിറ്റ്! രാജ്യമാകെ ഞെട്ടിയ നിമിഷങ്ങൾ, മുഖംമൂടിധാരികൾ ബാങ്കിൽ; 18 കോടി കൊള്ളയടിച്ചു
പിഎൻബി ബാങ്കിന്റെ പ്രധാന ഗേറ്റിൽ കാവൽ നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊണ്ട് മുഖംമൂടി ധരിച്ചെത്തിയ സംഘം വൈകിട്ട് 5.40ഓടെയാണ് ബാങ്കിന് അകത്ത് കയറിയത്.
ഇംഫാൽ: രാജ്യത്തെയാകെ ഞെട്ടിച്ച് മണിപ്പൂരിൽ വൻ ബാങ്ക് കവർച്ച. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 18 കോടി രൂപ കൊള്ളയടിച്ചു. സംഭവം ഉഖ്രുൾ ജില്ലയിൽ. കൊള്ള നടത്തിയത് ആയുധധാരികളായ സംഘമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വ്യൂലാൻഡിലെ ഉഖ്‌റുൽ ടൗണിന്റെ ഹൃദയഭാഗത്താണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്. ഇവിടെ 11 ജീവനക്കാരാണ് ഉണ്ടായിരുന്നത്.
പിഎൻബി ബാങ്കിന്റെ പ്രധാന ഗേറ്റിൽ കാവൽ നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊണ്ട് മുഖംമൂടി ധരിച്ചെത്തിയ സംഘം വൈകിട്ട് 5.40ഓടെയാണ് ബാങ്കിന് അകത്ത് കയറിയത്. ബാങ്ക് ജീവനക്കാർ പറയുന്നതനുസരിച്ച് മുഖംമൂടി ധരിച്ച 8-10 പുരുഷന്മാർ ബാങ്കിലേക്ക് ആതിക്രമിച്ച് എത്തുകയും ജീവനക്കാരെ ശുചിമുറിക്കുള്ളിൽ കെട്ടിയ ശേഷം പൂട്ടിയിടുകയും ചെയ്തു. തുടർന്ന് മുഖംമൂടി ധരിച്ചവർ തോക്ക് ചൂണ്ടി മാനേജരെ ഭീഷണിപ്പെടുത്തി ലോക്കർ തുറന്ന് പണം കൊള്ളയടിക്കുകയായിരുന്നു.
സംഭവസമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് പ്രധാന ഗേറ്റിന് കാവൽ നിന്നിരുന്നതെന്നാണ് മണിപ്പൂരിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെറും 10 മിനിറ്റ് കൊണ്ടാണ് ബാങ്ക് കൊള്ളയടിക്കപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. ഉഖ്‌റുൾ എസ്‌പി നിംഗ്‌ഷെം വഷുമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിഎൻബി ബാങ്കിലെത്തി കാര്യങ്ങൾ വിലയിരുത്തി.
സമീപ പ്രദേശങ്ങളിലും പരിസരങ്ങളിലും ആവശ്യമായ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും എല്ലാ പ്രതികളെയും പിടികൂടാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും എസ്പി അറിയിച്ചു. പ്രതികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഉഖ്രുൾ ജില്ലയുടെ ആർബിഐയുടെ കറൻസി ചെസ്റ്റാണ് പിഎൻബി. സംഭവത്തിൽ എത്രയും വേഗം പ്രതികളെ പിടികൂടാൻ സാധിക്കുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം