ആസ്തയ്ക്ക് പിന്നാലെ അമ്മയ്ക്ക് വരനെ തേടി മോഹിനിയും; വിവാഹാലോചന ഏറ്റെടുത്ത് ട്വിറ്റർ
സസ്യാഹാരി ആയിരിക്കണം, മദ്യപിക്കരുത്, നല്ല നിലയിലുള്ള ആളായിരിക്കണം എന്നിങ്ങനെ അമ്മയുടെ വരന് വേണ്ട ഗുണങ്ങളെക്കുറിച്ച് ആസ്ത തന്റെ ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നു. മോഹിനിയും തന്റെ അമ്മയുടെ വരന് വേണ്ട ഗുണസവിശേഷതകളെക്കുറിച്ച് ട്വീറ്റിൽ കുറിച്ചിട്ടുണ്ട്.
ദില്ലി: അമ്മയ്ക്ക് അനുയോജ്യമായ വരനെ തേടി ട്വിറ്ററിലൂടെ വിവാഹാലോചന പരസ്യം പങ്കുവച്ച പെൺകുട്ടിയെ ഓർമ്മയില്ലേ? നിയമവിദ്യാർഥിനിയായ ആസ്ത വർമയാണ് അമ്പതുവയസ്സുള്ള അമ്മയ്ക്കായി ട്വിറ്ററിലൂടെ വരനെ തേടിയിരുന്നത്. അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു ആസ്ത വിവാഹാലോചനകൾ ക്ഷണിച്ചിരുന്നത്. അമ്മയ്ക്ക് വരനെ തേടുന്ന മകളെ അന്ന് സോഷ്യൽമീഡിയയടക്കം അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ, ആസ്തയ്ക്ക് പിന്നാലെ, ട്വിറ്ററിലൂടെ തന്റെ അമ്മയ്ക്ക് അനുയോജ്യമായ വരനെ തേടി എത്തിയിരിക്കുകയാണ് മറ്റൊരു പെൺകുട്ടി.
മോഹിനി വിഗ് എന്ന യുവതിയാണ് 56 വയസ്സുള്ള തന്റെ അമ്മയ്ക്ക് ട്വിറ്ററിലൂടെ വരനെ തേടിയത്. 56 വയസ്സുള്ള അമ്മയ്ക്ക് 50നും 60നും ഇടയിൽ പ്രായമുള്ള വരനെ തേടുന്നു എന്നായിരുന്നു മോഹിനിയുടെ ട്വീറ്റ്. അമ്മയ്ക്കൊപ്പമുള്ള സെൽഫിയും മോഹിനി ട്വീറ്റിനൊപ്പം പങ്കുവച്ചിരുന്നു. അമ്മയ്ക്ക് വേണ്ടി വരനെ തേടിയ ആസ്താനയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് താനും ഇത്തരത്തിലുള്ള ഉദ്യമത്തിന് മുതിർന്നതെന്നും മോഹിനി തന്റെ ട്വീറ്റിൽ കുറിച്ചിട്ടുണ്ട്.
സസ്യാഹാരി ആയിരിക്കണം, മദ്യപിക്കരുത്, നല്ല നിലയിലുള്ള ആളായിരിക്കണം എന്നിങ്ങനെ അമ്മയുടെ വരന് വേണ്ട ഗുണങ്ങളെക്കുറിച്ച് ആസ്ത തന്റെ ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നു. മോഹിനിയും തന്റെ അമ്മയുടെ വരന് വേണ്ട ഗുണസവിശേഷതകളെക്കുറിച്ച് ട്വീറ്റിൽ കുറിച്ചിട്ടുണ്ട്. വരൻ സ്നേഹനിധിയായ ഭർത്താവും അച്ഛനുമായിരിക്കണം എന്നതാണ് ഗുണങ്ങളിൽ ആദ്യത്തേത്. സസ്യാഹാരി ആയിരിക്കണം, മദ്യപിക്കരുത്, പുകവലിക്കരുത് തുടങ്ങിയ നിബന്ധനങ്ങൾ മോഹിനിയും വിശദീകരിക്കുന്നുണ്ട്. വരന് വേണ്ടിയുള്ള തെരച്ചിൽ, എല്ലാവരും പങ്കാളിയെ അർഹിക്കുന്നുണ്ട്, അച്ഛനെ വേണം തുടങ്ങിയ ഹാഷ് ടാഗുകളും മോഹിനി ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആസ്തയുടെ വിവാഹാലോന പരസ്യം ഏറ്റെടുത്തത് പോലെ മോഹിനിയുടെയും ട്വീറ്റ് ഇരുകയ്യും നീട്ടിയാണ് ആളുകൾ സ്വീകരിച്ചിരിക്കുന്നത്. മക്കൾക്ക് കല്യാണമാലോചിക്കുന്ന നിരവധി അമ്മമാരെ കണ്ടിട്ടുണ്ടെന്നും അതിൽ നിന്നൊക്കെ വ്യത്യസ്തമായി അമ്മയ്ക്ക് കല്യാണമാലോചിക്കുന്ന ഈ മക്കളെക്കുറിച്ചോർത്ത് അഭിമാനമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് പലരും പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്.
Read More:50 വയസ്, മദ്യപിക്കരുത്, സസ്യാഹാരിയാവണം; അമ്മയ്ക്ക് വേണ്ടി വരനെ തേടി മകള്‍
മോഹിനിയുടെ പോസ്റ്റിന് ആശംസകളുമായി ആസ്തയും എത്തിയിരുന്നു. ഇതിൽ തനിക്ക് സന്തോഷമുണ്ട്. പരസ്പരം സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന പങ്കാളികളെ എല്ലാവരും അർഹിക്കുന്നുണ്ട്. തന്റെ അമ്മയ്ക്കും അത്തരത്തിലുള്ളൊരു പങ്കാളിയെ കിട്ടട്ടെ എന്നും ആസ്ത പ്രതികരിച്ചു. ഒക്ടോബർ 31 ന് രാത്രിയിൽ ആസ്ത പങ്കുവച്ച ട്വീറ്റിന് ഏഴായിരത്തിലധികം പ്രതികരണങ്ങളും അമ്പതിനായിരത്തിലധികം റീ ട്വീറ്റുകളും മുപ്പത്തിമൂന്നായിരത്തിലധികം ലൈക്കുകളും ലഭിച്ചിരുന്നു.